ഞങ്ങൾ ഒരു തമാശ പറയാറുണ്ട് . 'ഈ ധനകാര്യവകുപ്പെന്ന് പറയുന്നത് വലിയ കാവൽക്കാരാണ്. ഞങ്ങളുടെ ധനകാര്യ കോട്ടയുടെ വാതിലൊക്കെ പൂട്ടി മുന്നിൽ കുന്തമൊക്കെ പിടിച്ച് ആരുമായിട്ടും ഫൈറ്റ് ചെയ്യാമെന്ന മട്ടിൽ ബഹളമൊക്കെ വച്ചങ്ങനെ നിൽക്കുകയാണ്. പക്ഷേ കോട്ടയുടെ പിറകുവശം പൊളിഞ്ഞു കിടക്കുകയാണ്. ' - അഭിമുഖത്തിനിടെ ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞ ഈ തമാശയിൽ കേരളത്തിന്റെ പൊതു സാമ്പത്തിക ഞെരുക്കം പ്രകടമാണ്. സംസ്ഥാന ബഡ്ജറ്റ് നിർദ്ദേശങ്ങൾ തയാറാക്കുന്നതിനിടെ,കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ തലേന്നാളാണ് വിഴിഞ്ഞം ഐ.ബിയിൽ വച്ച് ഡോ.ഐസക്കുമായി സംസാരിച്ചത്.കൗമുദി ടിവി സംപ്രേഷണം ചെയ്തുവരുന്ന അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന് -
? ഏഴിന് ബഡ്ജറ്റാണല്ലോ? പണമില്ലെന്നാണല്ലോ കേൾക്കുന്നത്
കേട്ടത് വളരെ ശരിയായിട്ടുള്ള കാര്യമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനേക്കാൾ മെച്ചപ്പെട്ട സാമ്പത്തിക വളർച്ച മൂന്നു വർഷവുമുണ്ടായി.നാലാം വർഷത്തെ കണക്ക് വന്നിട്ടില്ല. എന്നാൽ സർക്കാരിന്റെ പൊതു ധനസ്ഥിതി അങ്ങനെയല്ല.വരവ് പത്തുശതമാനവും ചെലവ് 15 ശതമാനവുമായി കൂടിക്കൊണ്ടിരിക്കുന്നു. രണ്ടോ മൂന്നോ വർഷമാണെങ്കിൽ എങ്ങനെയും പിടിച്ചുനിൽക്കാം. പക്ഷെ നിരന്തരമായി ഈ സ്ഥിതി തുടർന്നാൽ എവിടെയെങ്കിലും ഇടിച്ചുനിന്നേ പറ്റൂ. അതാണ് അവസ്ഥ.
? സാമ്പത്തിക മാനേജ്മെന്റിൽ പാളിച്ച പറ്റിയോ
മുട്ടില്ലാതെ കാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നുണ്ട്. അത് ഫലപ്രദമായ മാനേജ്മെന്റ് കൊണ്ടാണ്. പക്ഷേ വരുമാനം വർദ്ധിപ്പിക്കാൻ നമ്മൾക്ക് കഴിയുന്നില്ല. ഇവിടെ മാത്രമല്ല ഇന്ത്യയിലും അതാണ് പൊതു സ്ഥിതി.
? കേന്ദ്രം അനുവദിക്കുന്ന തുക പ്രളയത്തിലടക്കം വിനിയോഗിച്ചില്ലെന്ന് പറയുന്നു. 2018 ൽ പ്രളയത്തിന് തന്ന തുകയുടെ വിനിയോഗ സർട്ടിഫിക്കറ്റ് പോലും നൽകിയിട്ടില്ല.?
വിനിയോഗം തീർത്താലല്ലേ വിനിയോഗ സർട്ടിഫിക്കറ്റ് കൊടുക്കാനാകൂ. കൃത്യമായ കണക്കുണ്ട്.2000 കോടി രൂപ ബാക്കിയുണ്ട്. 3000ത്തോളം കോടി രൂപയുടെ അനുവാദം കൊടുത്തിട്ടുണ്ട്.
? വാർഷിക പദ്ധതിയും വെട്ടിക്കുറച്ചു
30 ശതമാനം വെട്ടിക്കുറച്ചു.എന്റെ ബഡ്ജറ്റ് പ്രസംഗത്തിന്റെ ആദ്യഭാഗത്തിൽ യു.ഡി.എഫിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും റോഡ്, വീട്, വൈദ്യുതി കണക്ഷൻ, വെളളത്തിന്റെ കണക്ഷൻ, സ്കൂൾ കുട്ടികളുടെ എണ്ണം ഇവയൊക്കെ ഓരോന്നും വർദ്ധിച്ചതിന്റെ കണക്ക് പറയാൻ പോവുകയാണ് അപ്പോൾ താരതമ്യം ചെയ്യാമല്ലോ.
? ദുർചെലവുകൾ കൂടന്നു.ചെലവ് ചുരുക്കാനുള്ള നീക്കം കാണുന്നില്ല
നമ്മുടെ തസ്തികകളൊന്നും വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല. എന്നാൽ എല്ലാ പോസ്റ്റുകളും വേണ്ടതാണോയെന്നു ചോദിച്ചാൽ ധനമന്ത്രിയെന്ന നിലയിൽ ചിലകാര്യങ്ങൾ ഇപ്പോൾ വേണ്ടായിരുന്നുവെന്നേ ഞാൻ പറയു. പക്ഷേ ഞാൻ മാത്രമായിട്ടു തീരുമാനിക്കുന്നതല്ലല്ലോ. പക്ഷേ അതൊന്നുമല്ല ഈ ചെലവിന്റെ പ്രശ്നം. അക്കാര്യം ബഡ്ജറ്റിൽ നന്നായി വിശദീകരിക്കും.
? എന്താണ് ചെലവിന്റെ പ്രശ്നം
നമ്മുടെ സ്വകാര്യ-എയിഡഡ് മേഖലയിലെ പോസ്റ്റ് സൃഷ്ടിക്കൽ. എത്രയോ കാലങ്ങളായി നടക്കുന്നു. കണക്കെടുത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഓരോന്നും.
? അതിനൊക്കെ നിയന്ത്രണം വരുമോ
വരുത്തണ്ടേ. ജനം പറയട്ടെ ഇങ്ങനെ തുടരണോ വേണ്ടയോയെന്ന്. ജീവനക്കാരുടെ പുനർവിന്യാസം പോലും ഒന്നുമായില്ല. സെക്രട്ടേറിയറ്റിലായാലും. ഭയങ്കര എതിർപ്പാണ്. എന്നാൽ പഞ്ചായത്തുകളിൽ ഗ്രാമസഭ നടത്താൻ ആളില്ല. ഇക്കാര്യത്തിലൊക്കെ തീരുമാനമുണ്ടാകും.
? പെൻഷൻ പ്രായം കൂട്ടുമോ
കൂട്ടില്ല. എല്ലാവർക്കും സർക്കാർ ജോലി വേണം. എന്നാൽ സംഘടിത മേഖലയിൽ തൊഴിൽ അവസരങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഐ.ടിയിൽ മാത്രം 1 ലക്ഷം പേർക്ക് ജോലി നൽകി.ഓരോ പഞ്ചായത്തിലും ആയിരം പേർക്ക് അഞ്ച് പുതിയ തൊഴിലുണ്ടാവണം.
?കിഫ്ബിക്കുള്ള ധനസമാഹരണം എത്രമാത്രം വിജയകരമാണ്
ഒരു പ്രശ്നവുമില്ല. കൂൾ കൂളായിട്ട് പോകും.കിഫ്ബിയിലൂടെ വൻ വികസന പദ്ധതികൾ വരും.അനുവദിച്ച പ്രോജക്ടുകൾ മുഴുവൻ ഈ വർഷം നിർമാണം തുടങ്ങും. അതിന്റെ പാതി തീരുകയും ചെയ്യും.
? പ്രതിപക്ഷം ഇപ്പോഴും കിഫ്ബിയെ ഉൾക്കൊള്ളുന്നില്ല
അത് കുശുമ്പാണ്. ഇതെന്താണെന്ന് മനസിലാകാത്തതുകൊണ്ട് ആദ്യം നടക്കുന്ന കാര്യമല്ലെന്ന് പറഞ്ഞു. നടക്കുമെന്ന് കണ്ടപ്പോൾ താറടിക്കാനുള്ള ശ്രമമായി.
?ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ മോണിട്ടർ ചെയ്യാൻ സംവിധാനമുണ്ടോ
കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന 25 പ്രോജക്ടുകൾ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. അത് മോണിട്ടർ ചെയ്തു. ഇത്തവണത്തെ ബഡ്ജറ്റിൽ അവ ഓരോന്നിലും എന്ത് നടന്നുവെന്ന് പറയും.
? ബഡ്ജറ്റിന്റെ ഫോക്കസ് എന്തായിരിക്കും
ഫോക്കസ് രണ്ടെണ്ണമാണ്. വൻകിട പ്രോജക്ടുകൾ നടപ്പിലാക്കും. അതിനുവേണ്ടി കൂടുതൽ പണം കരുതാം. അല്ലെങ്കിൽ എന്ത് വേണമെന്ന് പറയും. അത് ചെയ്യും. അതാണ് പ്രധാനം. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷമാണ് . ജനങ്ങളെ ആകെ അണിനിരത്തുന്ന പരിപാടികൾ വരും.ഈ രണ്ട് കാര്യങ്ങളിലാണ് ഊന്നൽ വരുന്നത്.
?ട്രഷറി നിയന്ത്രണം നീങ്ങുമോ
ഏപ്രിലാകുമ്പോൾ മാറും.
? എന്താണ് ഈ കാലയളവിലുണ്ടായ നിരാശ
ജി.എസ്.ടി. വല്ലാതെ നിരാശപ്പെടുത്തി. യുക്തി വച്ചു നോക്കുമ്പോൾ കേരളത്തിന് അതിൽ നിന്ന് കൂടുതൽ വരുമാനം കിട്ടുമെന്ന് ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. അതുണ്ടായില്ല. അത് താളം തെറ്റിച്ചു.