ന്യൂഡൽഹി: പൗരത്വ ഭേദദതി നിയമത്തിനെതിരായി ഉത്തർപ്രദേശിൽ നടന്ന ആക്രമണങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് 108 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ആക്ടിവിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ പി.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ട്രഷററും ഉൾപ്പെട്ടിട്ടുണ്ടെന്നും ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് കെ അവസ്തി പറഞ്ഞു.
ഡിസംബർ 19, 20 തീയതികളിൽ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ ആക്രമണത്തിന് പി.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചെന്നും അവാനിഷ് അവസ്തി പറഞ്ഞു. മുമ്പും 25 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാംബാൽ, മുസാഫർനഗർ, ലഖ്‌നൗ, ഷാംലി തുടങ്ങിയ ജില്ലകളിൽ പി.എഫ്.ഐയുടെ പ്രവർത്തനങ്ങൾ സജീവമാണ്.
പൗരത്വ പ്രതിഷേധത്തിൽ പി.എഫ്.ഐക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതിനെത്തുടർന്ന് സംഘടനെയ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഡിസംബറിൽ ഉത്തർപ്രദേശ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. പി.എഫ്.ഐക്ക് ലഭിക്കുന്ന ധനസഹായത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും, മറ്റ് ഏജൻസികളുമായി സംഘടനയ്ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.