shikara-gang

തിരുവനന്തപുരം: കാഴ്ചയിൽ പഞ്ചപാവം. മുഖത്തു പോലും നോക്കില്ല. പകൽ മുഴുവൻ ഉറക്കം. ഇരുട്ടിയാൽ നിറം മാറും. നേരത്തേ നോക്കിവച്ച വീടുകളിൽ അർദ്ധരാത്രി കവർച്ച. എതിർത്താൽ കൊല്ലും. കേരളത്തിന്റെ ഉറക്കം കെടുത്താൻ ബംഗ്ലാദേശിൽ നിന്നെത്തിയ ശിക്കാരി ഗ്യാംഗ് ആണിത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന മറ്റൊരു കവർച്ചാ സംഘം.

കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകന്റെ വീട്ടിൽ മാസങ്ങൾക്കുമുമ്പ് കൊള്ള നടത്തിയ മുഹമ്മദ് ഇല്യാസി ശിക്കാരി കഴിഞ്ഞ ദിവസം വലയിലായപ്പോഴാണ് ശിക്കാരി ഗ്യാംഗാണ് പിന്നിലെന്ന് പൊലീസ് അറിയുന്നത്. സംഘത്തലവനാണിയാൾ. 60 പവനും അമ്പതിനായിരത്തോളം രൂപയുമാണ് അന്ന് മോഷ്ടിച്ചത്.

ബംഗ്ലാദേശ് അതിർത്തിയിൽ കൊൽക്കത്ത ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായ ഇല്യാസിയെ അവരാണ് കേരള പൊലീസിന് കൈമാറിയത്. കൈയിലും കാലിലും വിലങ്ങണിയിച്ചാണ് ഇയാളെ കണ്ണൂരിലെത്തിച്ചത്. കണ്ണൂരിലെ കവർച്ചയ്ക്കുശേഷം ഹൗറയിലെത്തിയ പ്രതികൾ ഹരിദാസ്പുർ ചെക്‌പോസ്റ്റ് വഴിയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. നാലംഗ സംഘത്തിലെ ഇല്യാസി ഒഴികെയുള്ളവർ ഓടി രക്ഷപ്പെട്ടു.

ബംഗ്ലാ റോബേഴ്സ് എന്നും വിളിപ്പേരുള്ള സംഘം ബംഗ്ലാദേശിലെ ബാഗർഹട്ട് ജില്ല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലും സംഘം ഇതിനകം കവർച്ച നടത്തിക്കഴിഞ്ഞു. കേരളത്തിലെ ഓപ്പറേഷൻ കഴിഞ്ഞാൽ സംഘം നാട്ടിലേക്ക് കടക്കും. സംഘത്തിലെ മണിക് സാദർ ശിക്കാരി കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടുപോകും വഴി ട്രെയിനിൽ നിന്ന് കൈയാമത്തോടെ രക്ഷപ്പെട്ടെങ്കിലും പിറ്റേ ദിവസം പിടിയിലായി. മറ്റൊരാൾ ജാമ്യത്തിലിറങ്ങി രക്ഷപ്പെട്ടു.

കർണാടകയിലെ അശോക് നഗർ, മദ്ധ്യപ്രദേശിലെ ജബൽപൂർ, ഡൽഹി, സീമാപുരി എന്നിവിടങ്ങളിലും സംഘം സജീവമാണ്. എങ്കിലും കേരളമാണ് പ്രിയം. വൻ കൊള്ളയ്ക്ക് കൂടുതൽ സാദ്ധ്യത കേരളമാണെന്ന് ഇല്യാസി പൊലീസിനോട് പറഞ്ഞു. ഹിന്ദിയും ബംഗാളിയും ഇംഗ്ലീഷും പച്ച വെള്ളം പോലെയാണിയാൾക്ക്.

നോട്ടം ട്രാക്കിനു സമീപത്തെ വീടുകൾ

റെയിൽവേ ട്രാക്കിനു പരിസരത്തെ വീടുകളാണ് ഇവർ കൂടുതലും ലക്ഷ്യം വയ്ക്കുന്നത്. ട്രെയിൻ പോകുന്ന സമയം ഇവർ ചോദിച്ചറിയും. ട്രെയിനിന്റെ ശബ്ദം മറയാക്കി ഓപ്പറേഷൻ നടത്തി തിരിച്ചെത്തി ട്രെയിനിൽ നാടുകടക്കും. പണവും സ്വർണവും മാത്രമല്ല ഇലക്ട്രോണിക് ഉപകരണങ്ങളും പൊക്കും. പണം അപ്പോൾ തന്നെ എ.ടി.എം വഴി നാട്ടിലേക്കയയ്ക്കും.

ശിക്കാരികൾക്കെതിരെ മോഷണക്കേസുകൾ

എറണാകുളം: 4

കോഴിക്കോട്: 3

കണ്ണൂർ: 4

'സംഘം ആറ് വർഷമായി കേരളത്തിൽ പ്രവർത്തിച്ചുവരികയാണ്. ഇവരെ പിടികൂടുന്നത് വലിയ റിസ്‌കാണ്. അന്വേഷിച്ച് അവരുടെ നാട്ടിലെത്തിയാൽ ആരും ഒരു വിവരവും തരില്ല. ഒരു ഓപ്പറേഷൻ കഴിഞ്ഞാൽ ആറു മാസം കഴിഞ്ഞായിരിക്കും പലപ്പോഴും തിരിച്ചു വരിക

പി.പി. സദാനന്ദൻ,

ഡിവൈ.എസ്.പി, കണ്ണൂർ ടൗൺ