chinese-tourist

കൊച്ചി: കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ആവർത്തിച്ച് പറയുമ്പോഴും ചൈനയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് സഞ്ചാരികൾ എത്തുന്നു. ഇക്കാര്യം പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് നിരീക്ഷണം തുടരുമ്പോഴും ചൈനയിൽ നിന്ന് എത്തുന്ന സഞ്ചാരികൾ പുറത്തേക്ക് പോകുന്നുണ്ട്, അവരോട് പുറത്തേക്ക് പറയാനുള്ള നിർദേശമില്ലെന്ന് ഹോട്ടലുകാർ പറയുന്നു. സഞ്ചാരികളോട് എന്താണ് പറയേണ്ടതെന്ന് ഹോട്ടലുകാർക്ക് കൃത്യമായ ധാരണയില്ലയെന്നതാണ് വസ്തുത.

അതേസമയം കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇത് സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. വൈറസ് ബാധ സംസ്ഥാനത്തുടനീളം വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി അപക്‌സ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.

ചൈനയിൽ നിന്നെത്തിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരും വുഹാനിൽ സഹപാഠികളും ഒരുമിച്ച് നാട്ടിലെത്തിയവരുമാണ്. കാസർകോട്, ആലപ്പുഴ, തൃശൂർ ജില്ലക്കാരാണിവർ. ഇവരുമായി സമ്പർഗം പുലർത്തിയ 82 പേരെ കണ്ടെത്തി. ഇതിൽ 40 പേർ തൃശൂരിലും 42പേർ മറ്റുജില്ലകളിലും നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള ആരുടേയും നില ഗുരുതരമല്ല. എന്നാൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടായേക്കുമെന്ന് മന്ത്രി ശൈലജ നിയമസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.