sri-m

കേരളത്തിൽ ജനിച്ച് ലോകത്താകമാനം സമാധാന സന്ദേശവാഹകനായി മാറിയ മുംതാസ് അലി ഖാനെന്ന ശ്രീ എമ്മിന്റെ ജീവിതം തലമുറകൾക്ക് എക്കാലവും പാഠപുസ്തകമാക്കാം. പത്മഭൂഷൺ പ്രഭയിലാണ് ശ്രീ എം ഇന്ന്. തിരുവനന്തപുരത്തെ മുസ്ളിം കുടുംബത്തിൽ ജനിച്ച ബാലൻ പതിനെട്ടാം വയസിൽ ആത്മീയ ഗുരുവിനെ തേടി ഹിമാലയ സാനുക്കളിലെത്തി. അവിടെ ഗുരുവായ മഹേശ്വർനാഥ് ബാബാജിയെ ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീ എം മാനവസാഹോദര്യത്തിന്റെ മുന്നണി സാരഥിയായി. ലോകസമാധാനത്തിനായി ശ്രീ എം കന്യാകുമാരി മുതൽ കാശ്മീർവരെ നടത്തിയ പദയാത്ര വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. 2015ജനുവരി 12ന് ആരംഭിച്ച യാത്ര 7500 കിലോമീറ്റർ സഞ്ചരിച്ച് 2016 ഏപ്രിൽ 29ന് ശ്രീനഗറിലാണ് സമാപിച്ചത്.
യോഗിവര്യനാണെങ്കിലും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ചേർത്തുപിടിച്ച് ഗൃഹസ്ഥാശ്രമിയുടെ ചുമതലയും അദ്ദേഹം നിർവഹിക്കുന്നു. ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിൽ ശ്രീ എം സ്ഥാപിച്ച സത്സംഗ് ഫൗണ്ടേഷൻ ഇന്ന് ലോകത്തിന് വഴിവിളക്കാണ്. തിരുവനന്തപുരം മോഡൽ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രീ എം. തനിക്ക് ലഭിച്ച പത്മഭൂഷൺ ബഹുമതി സ്‌കൂളിന് സമർപ്പിക്കുകയാണ്. ശ്രീ എം കേരളകൗമുദിയോട് സംസാരിക്കുന്നു.


പത്മഭൂഷൺ ബഹുമതിയെ എങ്ങനെയാണ് വിലയിരുത്തുന്നത് ?
നാടിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ചെയ്തു കഴിഞ്ഞതും ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യാനുള്ളതും നാടിനുവേണ്ടി മാത്രം. ഇതുവരെയുള്ള എന്റെ പ്രവർത്തനങ്ങൾക്ക് നാട്ടിൽ നിന്നു ലഭിച്ച അംഗീകാരമായി പത്മഭൂഷൺ ബഹുമതിയെ കാണുന്നു. ലോകസമാധാനമാണ് ലക്ഷ്യം. അതിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ അധികാരികൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന് ഇതിലൂടെ ബോദ്ധ്യമാകുന്നു. ഹിംസ ഇല്ലാത്ത നാടിനെ വാർത്തെടുക്കാനുള്ള പോരാട്ടം തുടരും. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവദർശനമാണ് ഞാനും പിന്തുടരുന്നത്. അത് ഇനിയും തുടരും.


കേരളത്തിന് കൂടിയുള്ള അംഗീകാരമല്ലേ ?
തീർച്ചയായും. എന്റെ ജന്മനാടിനുള്ള അംഗീകാരമാണ്. ആന്ധ്രാപ്രദേശിലെ ആളുകൾക്ക് അതിൽ വിഷമമുണ്ട്. പത്മഭൂഷൺ പ്രഖ്യാപനത്തിൽ എന്റെ പേരിനൊപ്പം കേരളമെന്നാണ് ചേർത്തിരിക്കുന്നത്. ചിലർ വിഷമം പങ്കുവച്ചു. സത്സംഗ് ഫൗണ്ടേഷൻ ആ മണ്ണിലാണല്ലോ . അതുകൊണ്ടുള്ള പരിഭവമാണ്. അത് സാരമില്ല. പരിഭവം പറയുന്നവർക്ക് എന്നെ നന്നായി അറിയാം. ആർക്കും ആരും സ്വന്തമല്ല. ഞാനും ഈ ലോകത്തിന് മുഴുവൻ ഉള്ളതാണ്. കേരളത്തോടുള്ള സ്‌നേഹവും അടുപ്പവും എല്ലാവർക്കും അറിയാം.


തിരുവനന്തപുരത്തെ കുറിച്ചുള്ള ഓർമ്മകൾ?
തിരുവനന്തപുരം എനിക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ലോകത്ത് എവിടെ പോയാലും എന്റെ നാടിനെ കുറിച്ച് ഞാൻ പറയാറുണ്ട്. അത്രമേൽ പ്രത്യേകതയുണ്ട് തിരുവനന്തപുരത്തിന്. വഞ്ചിയൂരിലെ വീടും പരിസരവും ഒരിക്കലും മറക്കാത്ത ഓർമയാണ്. ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒരുപോലെയാണ് അവിടെ ജീവിച്ചിരുന്നത്.


പിന്നെ എനിക്ക് ഏറ്റവും പ്രിയങ്കരമായ മറ്റൊന്ന് ഞാൻ പഠിച്ച തൈക്കാട് മോഡൽ സ്‌ക്കൂളാണ്. ഞങ്ങൾ ഒരുകൂട്ടം കുട്ടികൾ ദിവസേന നടന്നാണ് സ്‌കൂളിലേക്ക് പോയിരുന്നത്. വാഹനമെന്തങ്കിലും വന്നാലും കയറില്ല. ഒരു രസത്തിൽ അങ്ങ് നടക്കും.ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിന് മോഡൽ സ്‌ക്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകർക്ക് നല്ല പങ്കുണ്ട്. അറിവും പരിചയസമ്പത്തുമുള്ള അദ്ധ്യാപകരുടെ വലിയനിര മോഡൽ സ്‌കൂളിന്റെ പ്രത്യേകതയായിരുന്നു. എനിക്ക് കിട്ടിയ പത്മഭൂഷൺ സ്‌കൂളിന് കൂടിയുള്ളതാണ്. ഈ സ്‌ക്കൂളിൽ പഠിച്ചവർ പലസ്ഥലങ്ങളിലും ഉന്നത പദവികളിൽ ഇരിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഞാൻ ജനിച്ച വീട് ഏറ്റെടുക്കാൻ സത്സംഗ് ഫൗണ്ടേഷന്റെ പ്രവർത്തകർ ശ്രമിച്ച് വരികയാണ്.


സത്സംഗ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ?
സമാധാനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തുന്നത്. കേരളത്തിലും നിരവധി പ്രവർത്തകരുണ്ട്. അടുത്തിടെ കണ്ണൂരിൽ സി.പി.എം, ആർ.എസ്.എസ് സംഘർഷങ്ങൾ ഉണ്ടായപ്പോൾ അതിൽ ഇടപെട്ടിരുന്നു. ഇരുകൂട്ടരെയും ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി അഞ്ചു വട്ടം ചർച്ച നടത്തി.ഞാനായിരുന്നു മദ്ധ്യസ്ഥൻ. ഒടുവിൽ എല്ലാവരെയും ഒന്നിച്ച് അണിനിരത്തി കണ്ണൂർ നഗരത്തിലൂടെ സമാധാന സന്ദേശ യാത്ര നടത്തി. ബസ്റ്റാൻഡ് പരിസരത്ത് യോഗവും ചേർന്നു. ഇപ്പോൾ കണ്ണൂർ സമാധാനപരമാണ്. ഞാൻ നിരന്തരം കണ്ണൂരിലെ സ്ഥിഗതികൾ വീക്ഷിക്കുന്നുണ്ട്. സത്സംഗ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ ഒരു ഉദാഹരണമാണിത്.


പൗരത്വനിയമത്തിനെതിരെ രാജ്യത്ത് ഉണ്ടായ അക്രമങ്ങളെക്കുറിച്ച്?
ഈ വിഷയത്തിൽ ഇതുവരെ ഞാൻ നേരിട്ട് ഇടപെടുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. പക്ഷേ ജെ.എൻ.യുവിൽ ഉൾപ്പെടെയുണ്ടായ സംഭവങ്ങൾ ഖേദകരമാണ്. യുവജനങ്ങൾക്ക് അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അവരെ കേൾക്കണം. അക്രമം ഒന്നിനും പരിഹാരമല്ല. ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിക്കണം. ആവശ്യമെന്ന് തോന്നിയാൽ വിഷയത്തിൽ ഇടപെടും.

ഒരു അനുഭവം

തിരുവനന്തപുരത്ത് ജീവിച്ചിരുന്ന യോഗീവര്യനായ സാധു ഗോപാല സ്വാമിയെ കണ്ടുമുട്ടിയതിനെക്കുറിച്ച് ശ്രീ എം അദ്ദേഹത്തിന്റെ 'എ യോഗീസ് ആട്ടോബയോഗ്രഫി ' എന്ന പുസ്തകത്തിൽ ഇങ്ങനെ വിവരിക്കുന്നു.


''വഞ്ചിയൂരിൽ നിന്ന് നാലഞ്ച് കിലോമീറ്റർ അകലെയാണ് മോഡൽ സ്‌കൂൾ. പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ ജോലിയായിരുന്ന അനന്തനാരായണപിള്ളയുടെ മക്കളായ പെരിയ തമ്പി (മാർത്താണ്ഡപിള്ള), ചിന്ന തമ്പി (ശിവാനന്ദ പിള്ള) എന്നിവരോടൊപ്പമാണ് ഞാൻ മോഡൽ സ്‌കൂളിലേക്ക് നടന്നു പോകുന്നത്. (പ്രസിദ്ധ ന്യൂറോ സർജനായി മാറിയ മാർത്താണ്ഡപിള്ള ഇപ്പോൾ അനന്തപുരി ആശുപത്രിയുടെ ഡയറക്ടറാണ്. ശിവാനന്ദപിള്ള തമിഴ്നാട് ഗവൺമെന്റിന്റെ ഇലക്ട്രിസിറ്റി വകുപ്പിൽ നിന്ന് സീനിയർ എൻജിനിയറായി റിട്ടയർ ചെയ്തു) ഇവരുടെ ബന്ധുവായ രാമസ്വാമി ചിലപ്പോഴൊക്കെ എനിക്ക് അനന്തനാരായണപിള്ളയുടെ വീട്ടിൽ വച്ച് കണക്കിന് ട്യൂഷൻ എടുത്തിരുന്നു.


ഒരു ദിവസം ഞാൻ ട്യൂഷന് ചെന്നപ്പോൾ രാമസ്വാമി വീടിന് വെളിയിൽ നിൽക്കുന്നു. ഇന്ന് ട്യൂഷനില്ല എന്ന് പറഞ്ഞതുകേട്ടപ്പോൾ എനിക്ക് വീട്ടിൽ പോയി കളിക്കാമല്ലോ എന്നോർത്ത് സന്തോഷം തോന്നി. എന്നാൽ പെരിയ, ചിന്ന തമ്പികൾ എവിടെ എന്ന ചോദ്യത്തിന് അവർ അകത്തുണ്ട് എന്ന് രാമസ്വാമി മറുപടി പറഞ്ഞു. വീടിന്റെ അകത്തുനിന്ന് ചന്ദനത്തിരിയുടെ ഗന്ധം വരുന്നു. അകത്ത് ചില ശബ്ദങ്ങളും കേട്ടു. ചിന്ന തമ്പിയും അമ്മയും മറ്റ് ചില ബന്ധുക്കളും ഇതിനിടെ പുറത്തുവന്നു. എന്താണ് ഉള്ളിൽ എന്ന് ഞാൻ ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. എല്ലാവരും പരസ്പരം നോക്കുക മാത്രം ചെയ്തു. അവസാനം അമ്മ സംസാരിച്ചു. ''സ്വാമി വന്നിട്ടുണ്ട് കാണണോ? വേണമെന്ന് ഞാൻ മറുപടി പറഞ്ഞു.


കാത്തുനിൽക്കാൻ പറഞ്ഞ് അനന്തനാരായണൻ അകത്ത് പോയി അനുവാദം വാങ്ങി വന്ന് എന്നെ കൂട്ടി. അകത്ത് ഒരു ചെറിയ മുറിയിൽ വലിയ ഒരു ചാരുകസേരയിൽ ഗോപാലസ്വാമി ഇരിക്കുന്നു. കാൽപാദങ്ങൾ ഒരു പലകയിൽ കയറ്റി വച്ചിരിക്കുന്നു. നീലയിൽ വെള്ള വരകളുള്ള ഷർട്ടും കരയില്ലാത്ത മുണ്ടുമാണ് വേഷം. നല്ല തടിച്ച് വൃദ്ധനായ ഒരു മനുഷ്യൻ. ഞാൻ മുന്നിൽ നിന്നു. അദ്ദേഹത്തെ നിർന്നിമേഷനായി നോക്കി. നരച്ച മുടി പറ്റെ വെട്ടിയിരിക്കുന്നു. മുഖത്ത് ക്ഷൗരം ചെയ്തിട്ട് ദിവസങ്ങളായി. ഒരു സാധാരണ മനുഷ്യൻ. പക്ഷേ അദ്ദേഹത്തിന്റെ കണ്ണുകൾ അസാധാരണമാം വിധം നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു. അദ്ദേഹം എന്നെ നോക്കി. എക്സ്‌റേ കിരണങ്ങൾ പോലെയാണ് ആ നോട്ടം എന്നിലേക്ക് ആഴ്ന്നിറങ്ങിയത്. 'ദൈവമേ, എന്റെ എല്ലാ രഹസ്യവും ഈ മനുഷ്യൻ മനസ്സിലാക്കി' എന്ന് എന്റെ മനസ് പറഞ്ഞു. അദ്ദേഹം പുഞ്ചിരിച്ചു. 'വരൂ' എന്ന് മൃദുലമായി പറഞ്ഞു. ഞാൻ അടുത്തേക്ക് ചെന്നു. അദ്ദേഹം വലതു കൈപ്പത്തി എന്റെ മൂർദ്ധാവിൽ വച്ചു. പറഞ്ഞറിയിക്കാനാവാത്ത ഒരു ആനന്ദം എന്നിലൂടെ കടന്നുപോയി. കണ്ണുനീർ ധാരയായി എന്റെ കണ്ണിലൂടെ ഒഴുകി. അദ്ദേഹം കൈ പിൻവലിച്ചു. ഞാനാകെ പരിഭ്രമിച്ചു പോയിരുന്നു. ഇതിനിടയിൽ കാൽ തൊട്ട് വന്ദിക്കാൻ ആരോ പറഞ്ഞു. പെട്ടെന്ന് തൊട്ട് തൊഴുതിട്ട് വീട്ടിലേക്ക് ഇറങ്ങി ഓടി. അവിടെ പ്ലാവിന്റെ മൂട്ടിൽ കുറെനേരം ഇരുന്നപ്പോൾ ആ ആനന്ദം പതുക്കെ കുറയാൻ തുടങ്ങി. പിന്നീട് ഒരിക്കലും ഞാൻ ഗോപാലസ്വാമിയെ കണ്ടിട്ടില്ല. ഗോപാലപിള്ള എന്നാണ് സ്വാമിയുടെ പേരെന്നും പൂജപ്പുര ഗോപാലസ്വാമി എന്നാണ് എല്ലാവരും വിളിക്കുന്നതെന്നും പിന്നീട് ഞാൻ അറിഞ്ഞു. അരുൾമൊഴികൾ എന്ന പേരിൽ അദ്ദേഹത്തിന്റെ സത്സംഗത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.