pak-hindu-family-

വാഗ : കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കി നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി രാജ്യത്തിൽ പ്രതിഷേധം തുടരുമ്പോൾ പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് തുറന്നത് പ്രതീക്ഷകളുടെ പുത്തൻ ലോകം. അതിർത്തി കടന്ന് ഇന്ത്യയിലേക്ക് പാകിസ്ഥാനിൽ നിന്നും ഹിന്ദു കുടുംബങ്ങളുടെ ഒഴുക്കാണ് സമീപ ദിവസങ്ങളായി നടക്കുന്നത്. ഇന്നലെ മാത്രം അട്ടാരി വാഗാ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്ഥാനി ഹിന്ദുക്കളാണ്. സന്ദർശക വിസയിൽ ഇന്ത്യയിലെ കുടുംബാംഗങ്ങളെ കാണാനായിട്ടാണ് ഇവർ ഇന്ത്യയിലെത്തുന്നത്. പുണ്യസ്ഥലങ്ങളിലേക്ക് സന്ദർശനത്തിനായും എത്തുന്നവരുണ്ട്. എന്നാൽ വലിയ ലഗേജുകളുമായിട്ടാണ് ഭൂരിഭാഗം പേരും എത്തിയത്. ഇവരിൽ കൂടുതൽ പേരും ഇനി മടക്കമില്ലെന്ന് അറിയിച്ചു.

പാകിസ്ഥാനിലെ സിന്ധ് കറാച്ചി മേഖലകളിൽ നിന്നുമാണ് കൂടുതൽ പേരും ഇന്ത്യയിലേക്ക് എത്തുന്നത്. ന്യൂനപക്ഷമായ തങ്ങൾ നിരവധി ചൂഷണങ്ങൾക്ക് വിധേയരാകുന്നതായും, പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന അന്യമതസ്ഥരുടെ ചൂഷണങ്ങളിൽ സഹികെട്ടാണ് ജീവിക്കുന്നതെന്നും അവർ വെളിപ്പെടുത്തുന്നു. പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയിലും ഭീതിയോടെയാണ് പെൺമക്കളുമായി ജീവിക്കുന്നതെന്നാണ് ഒരു പാക് ഹിന്ദു വെളിപ്പെടുത്തിയത്. അക്രമികൾക്കെതിരെ പരാതിപ്പെടുവാൻ കൂടി സാധിക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയെ ഹിന്ദുക്കളും സിഖുകാരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

pak-hindu-family-

​​​​​​പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾ അവിടെ പീഡനത്തിനിരയാകുന്നുവെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ നിയമ ഭേദഗതി പാർലമെന്റിൽ കൊണ്ടു വന്നത്. ഇതിന് തൊട്ടുപിന്നാലെ അമിത് ഷായുടെ അവകാശത്തെ ഈ രാജ്യങ്ങൾ നിരസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിർത്തിയിൽ നടക്കുന്ന സംഭവങ്ങൾ കേന്ദ്രത്തിന്റെ വാദങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ്.