ബംഗളൂരു: രണ്ട് തവണ സൈബർ കുറ്റകൃത്യത്തിന് ഇരയായ ഐ.ടി പ്രൊഫഷണൽ വിവാഹ മോചനത്തിന്റെ വക്കിൽ. ബംഗളൂരുവിലെ മഗദി റോഡിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെയാണ് ഈ സംഭവങ്ങൾ നടന്നത്. 34 കാരനായ മോഹൻ റാവുവിനാണ് കുടുംബപരവും സാമ്പത്തികപരവുമായ നഷ്ടങ്ങൾ ഉണ്ടായത്.
ദുബായിലെ എഞ്ചിനിയറിംഗ് ജോലിയിൽ ഒഴിവുണ്ടെന്ന ഒരു ഫോൺ സന്ദേശത്തിലൂടെയാണ് യുവാവിന്റെ ജീവിതം മാറി മറിഞ്ഞത്. ദുബായിൽ വീടും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനായി വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കിട്ടുമെന്ന മോഹന വാഗ്ദാനത്തിൽ വീണ ഇയാൾ വായ്‌പയെടുത്ത് പണം നൽകി. പൈസ നൽകി ഒരാഴ്ച കഴിഞ്ഞപ്പോൾ ഏജൻസിയുടെ പോർട്ടൽ തുറക്കാൻ സാധിക്കാതെയായതോടെയാണ് താൻ വഞ്ചിക്കപ്പെട്ട വിവരം 34 കാരൻ തിരിച്ചറിയുന്നത്.
പണം തിരിച്ചെടുക്കാനായി ഡാർക്ക്നെറ്റിൽ ഹാക്കറെ തിരഞ്ഞു. ഒടുവിൽ ലൂസി എന്ന് സ്വയം പരിചയപ്പെടുത്തിയ ഹാക്കർ പണം തിരിച്ചെടുക്കാൻ സഹായിക്കാമെന്ന് ഉറപ്പുകൊടുത്തു. മാത്രമല്ല ലൂസി 34 കാരനെ പ്രണയത്തിൽ വീഴ്ത്തുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയം കൊണ്ട് അവൾ മോഹന്റെ വിശ്വാസം പിടിച്ചെടുത്തു. 25 ലക്ഷം രൂപ ഉടൻ വേണമെങ്കിൽ 12 ലക്ഷം അടിയന്തരമായി തരപ്പെടുത്തി നൽകണമെന്ന് ലൂസി പറഞ്ഞപ്പോൾ യുവാവ് കൂടുതലൊന്നും ആലോചിച്ചില്ല വീടുകളിൽ ഒരേണ്ണം വിറ്റ് കാശ് നൽകി. പണം കിട്ടിയതോടെ ലൂസിയും പോയി.
തുടർന്ന് ഇയാൾ പൊലീസിൽ സമീപിച്ചു. എന്നാൽ ലൂസിയും 34 കാരനും തമ്മിലുള്ള പ്രണയ സന്ദേശങ്ങൾ അവിചാരിതമായി ഭാര്യ കണ്ടതോടെ ആറ് മാസം പ്രായമായ മകളുമായി സ്വന്തം വീട്ടിലേക്ക് പോയി. വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യയിപ്പോൾ