തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ എന്താണ് അലനും താഹയും ചെയ്ത കുറ്റമെന്ന് ആരും പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പന്തീരാങ്കാവ് കേസ് സംസ്ഥാനത്തിന് തിരിച്ചു തരണമെന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന സർക്കാർ പരിശോധിക്കുന്നതിന് മുമ്പാണ് എൻ.ഐ.എ പന്തീരങ്കാവ് യു.എ.പി.എ കേസ് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് 123 യു.എ.പി.എ കേസുകൾ എടുത്തു. ഇതിൽ ഒമ്പതെണ്ണം എൻ.ഐ.എ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ അമിത് ഷായുടെ മുമ്പിൽ കത്തുമായി പോകണമെന്നാണോ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഗവർണറുടെ കാലു പിടുക്കുന്നതിനെക്കാൾ നല്ലതാണ് അമിത് ഷായെ കാണുന്നതെന്നും ചെന്നിത്തല തിരിച്ചടിച്ചു. ഡൽഹിയിൽ പോയപ്പോൾ പിണറായി വിജയൻ അമിത് ഷായ്ക്ക് പൂച്ചെണ്ട് കൊടുത്തില്ലേ എന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയിൽ സംസാരിക്കുന്നത് മോദിയോ പിണറായോ എന്ന് പോലും സംശയം തോന്നുകയാണെന്നും, അതോ ഞാനിനി പാര്‍ലമെന്‍റിലാണോ ഇരിക്കുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
ഇടതുപക്ഷത്തെ നേരിടാൻ മാവോവാദികളെ കൂട്ടുപിടിക്കാൻ വല്ലാത്ത വ്യഗ്രതയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും പിണറായി ആരോപിച്ചു. അലനെയും താഹയെയും അന്യായമായി തടങ്കലിൽവെക്കുന്നത് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.