മുംബയ്: പ്രണയ നൈരാശ്യത്തെത്തുടർന്ന് മുൻ കാമുകൻ ഇരുപത്തിനാലുകാരിയായ കോളേജ് അദ്ധ്യാപികയെ പൊട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിലാണ്. നാഗ്പൂരിനടുത്ത് വാർധാ ജില്ലയിലെ ഹിൻഗാൻഘട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
യുവതി ജോലിചെയ്യുന്ന മതോശ്രി അഷതായ് ആർട്സ് കൊമേഴ്‌സ് ആന്റ് സയൻസ് വിമൻസ് കോളേജിലേക്ക് പോകുമ്പോഴാണ് മുൻകാമുകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. യുവതിക്ക് പിന്നാലെ ബൈക്കിൽ വന്ന പ്രതിയായ വിക്കി നാഗ്രാലെ റോഡിൽ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.
വിക്കി തീകൊളുത്തുന്നത് കണ്ട് പ്രദേശത്ത് കൂടിനിന്നിരുന്ന ആളുകൾക്ക് ഭയമായി. പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപ് ഓടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ശ്രമങ്ങൾ നടത്തി. പൊള്ളലേറ്റ യുവതിയെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു. തുടർന്ന് അവിടെനിന്നും നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
യുവതിക്ക് മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റു. . 40 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണെന്നും, പൊള്ളലിനെ അതിജീവിച്ചാലും കാഴ്ച നഷ്ടപ്പെടാനാണ് സാധ്യത എന്നും മെഡിക്കൽ വിദഗ്ധർ അറിയിച്ചു. പൊള്ളൽ ശ്വസനവ്യവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയുടെ ചികിത്സയ്ക്കായി ഒരു പ്രത്യേക സംഘം ഡോക്ടർമാരെ സജ്ജമാക്കിയിട്ടുണ്ട്.
തങ്ങൾ ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണെന്നും കുട്ടിക്കാലം മുതൽ തങ്ങൾക്ക് അടുത്ത ബന്ധമുണ്ടെന്നും, പ്രണയത്തിലായിരുന്നെന്നും പൊലീസ് ചോദ്യം ചെയ്യലിൽ വിക്കി പറഞ്ഞു. താൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്നതിനാൽ, കോളേജ് അധ്യാപികയായ യുവതി പതിയെ അദ്ദേഹത്തോട് അകലം പാലിച്ചു. തുടർന്ന് രണ്ടുകൊല്ലംവരെ ഇരുവരും സുഹൃത്തുക്കളായിരുന്നുവെങ്കിലും മോശമായ പെരുമാറ്റത്തെതുടർന്ന് യുവതി പ്രതിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. പിന്നീട് വിക്കി യുവതിയെ സ്ഥിരമായി പിന്തുടരുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി
ഏഴുമാസം മുമ്പാണ് യുവതിക്ക് കോളേജിൽ ജോലി ലഭിച്ചത്. ഗ്രാമത്തിൽ നിന്ന് കോളേജിലേക്ക് സ്ഥിരമായി ബസിലായിരുന്നു യുവതി പോയിരുന്നത്. ബസ്സിൽ നിന്നിറങ്ങി കോളേജിലേക്ക് നടക്കുന്നതിനിടെയാണ് യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്നും പൊലീസ് പറയുന്നു. പ്രതി വിവാഹിതനും 7 മാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.