palm-oil-

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ പാം ഓയിൽ ഉത്പാദക രാജ്യമായ മലേഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമായി തീർന്നിരിക്കുകയാണ് ഇന്ത്യൻ വ്യാപാരികളുടെ ബഹിഷ്‌കരണ തീരുമാനം. ഐക്യരാഷ്ട്ര സഭയിലടക്കം പാകിസ്ഥാൻ കൊണ്ടുവരുന്ന ഇന്ത്യ വിരുദ്ധ പ്രമേയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന മലേഷ്യൻ സർക്കാരിന്റെ നിലപാടിനെതിരെയാണ് ഇന്ത്യൻ വ്യാപാര സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. വ്യാപാരികളുടെ പ്രതിഷേധത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരിന്റെ മൗനസമ്മതവും ഉണ്ടായിരുന്നു. അമേരിക്കയുടെ പാതയിൽ എതിർക്കുന്നവരെ സാമ്പത്തിക ഉപരോധത്തിലൂടെ നേരിടുന്ന പാത ഇന്ത്യയും സ്വീകരിക്കുകയായിരുന്നു. മലേഷ്യയിൽ നിന്നും ഭക്ഷ്യ എണ്ണ വലിയ അളവിൽ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യയുടെ പുതിയ തീരുമാനം ആ രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ആദ്യം ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നീക്കത്തിന് വലിയ വില കൽപ്പിക്കാതിരുന്ന മലേഷ്യ, സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഘട്ടമെത്തിയപ്പോൾ പിണക്കം തീർക്കുവാനായി മുന്നിട്ടിറങ്ങുകയായിരുന്നു.

ഇന്ത്യയുടേത് വലിയ സമ്പദ് വ്യവസ്ഥയാണെന്നും തങ്ങളെ അതിനോട് താരതമ്യപ്പെടുത്തരുതെന്നുമാണ് ഒടുവിൽ മലേഷ്യയുടെ ഭാഗത്തുനിന്നും വന്ന വാക്കുകൾ. എന്നാൽ മലേഷ്യയിൽ സർക്കാരിനോട് പ്രതിഷേധം രേഖപ്പെടുത്തിയവരോട് ഇന്ത്യയുടെ നിസഹരണം താത്കാലികമാണെന്നും വിലക്ക് നീക്കുന്നതിനായുള്ള പ്രവർത്തികൾ നടക്കുന്നുവെന്നും മലേഷ്യൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും പഞ്ചസാര വാങ്ങാൻ തയ്യാറാണെന്ന ഓഫർ അടുത്തിടെ മലേഷ്യ മുന്നോട്ട് വച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

palm-oil-

കാശ്മീർ വിഷയത്തിൽ പാകിസ്ഥാന് അനുകൂലമായി ഐക്യരാഷ്ട്ര സഭയിൽ സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുന്നതായി മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദിന്റെ പ്രസ്താവനയാണ് പ്രശ്നത്തെ സങ്കീർണമാക്കിയത് . ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. മലേഷ്യയുമായി മികച്ച വ്യാപാര ബന്ധമായിരുന്നു ഇന്ത്യയ്ക്കുള്ളത്. ലോകത്തെ രണ്ടാമത്തെ വലിയ പാമോയിലിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ മഹാതിർ മൊഹമ്മദിന്റെ വിവാദ പ്രസംഗത്തിനുശേഷം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മലേഷ്യയെ ഒഴിവാക്കി, ഇന്തോനേഷ്യ, അർജന്റീന, ഉക്രെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാമോയിൽ വാങ്ങാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്നാണ് വിവരം. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യൻ പാമോയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവുമധികം പാമോയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്.

അതേ സമയം മലേഷ്യയുമായുള്ള പിണക്കം നീട്ടിക്കൊണ്ടു പോകുന്നതിൽ ഇന്ത്യയ്ക്കും താത്പര്യക്കുറവുണ്ട്. ആസിയാൻ രാഷ്ട്രങ്ങളുമായി മെച്ചപ്പെട്ട സഹകരണം ഉണ്ടാക്കേണ്ടത് കിഴക്കൻ ഏഷ്യൻ മേഖലയിൽ കരുത്ത് തെളിയിക്കാൻ ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളെ കൂട്ട് പിടിച്ചുള്ള ചൈനീസ് തന്ത്രത്തിന് അതേ നാണയത്തിൽ തിരച്ചടി നൽകുവാൻ ആസിയാൻ രാഷ്ട്രങ്ങളെയാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത് എന്നതാണ് പ്രധാന കാരണം. മലേഷ്യയുടെ മേലുള്ള അനൗദ്യോഗികമായ താത്കാലിക നിയന്ത്രണങ്ങൾ പാക് അനുകൂല നിലപാട് സ്വീകരിക്കുന്ന മറ്റു രാഷ്ട്രങ്ങൾക്ക് പാഠമാകട്ടെ എന്ന നിലപാടിലാണ് ഇന്ത്യ ഇപ്പോൾ.