governor

തിരുവനന്തപുരം: ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാളം പരിഭാഷയിൽ തെറ്റുവരുത്തിയ നിയമ വകുപ്പിലെ ആറ് അഡിഷണൽ സെക്രട്ടറിമാരോട് വിശദീകരണം തേടി. മന്ത്രിസഭ അംഗീകരിച്ച ഇംഗ്ലീഷ് പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്യുമ്പോൾ തെറ്റ് വരുത്തിയതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് നിയമ വകുപ്പ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.

പരിഭാഷയിൽ തങ്ങൾക്ക് വീഴ്ച പറ്റിയെന്നും, ​തിരക്കു കൊണ്ട് സംഭവിച്ചതാണെന്നും വിശദീകരണം നൽകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാൽ ഉദ്യോഗസ്ഥരുടെ വിശദീകരണം സ്വീകരിക്കണമോ അതോ ഇവർക്കെതിരെ നടപടി സ്വീകരിക്കണമോയെന്ന കാര്യത്തിൽ നിയമമന്ത്രി എ.കെ ബാലനാണ് തീരുമാനമെടുക്കുക.

നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗത്താണ് തെറ്റുവരുത്തിയത്. ഉദ്ദേശിച്ചതിന് നേരെ വിരുദ്ധമായ അർഥം വരുന്ന രീതിയിലാണ് ഉദ്യോഗസ്ഥർ പരിഭാഷപ്പെടുത്തിയത്. നിയമ വകുപ്പിലെ സ്‌പെഷൽ സെക്രട്ടറിയുടെ കീഴിലെ ആറ് അഡീഷണൽ സെക്രട്ടറിമാരാണ് ത‌ർജ്ജമ ചെയ്തത്. പ്രസംഗത്തിന്റെ വാക്യഘടനയിലും ശൈലിയിലുമൊക്കെ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.