അനുഗ്രഹം മാത്രമാണ് ആത്മസാക്ഷാത്കാരത്തിലേക്കുള്ള ഏകവഴി. നിങ്ങളുടെയുള്ളിൽ രണ്ട് പ്രധാനപ്പെട്ട ഭാവങ്ങളുണ്ട്. ഒന്ന്, നിങ്ങളെ എപ്പോഴും പിടിച്ചു താഴ്ത്തുന്ന അതിജീവനത്തിന്റെ സഹജവാസന. മറ്റൊന്ന് അപരിമിതമാകുവാനുള്ള ത്വര. അനുഗ്രഹമാണ് ഈ ത്വര നിലനിറുത്തുന്നത്. ' സുരക്ഷിതമായത് ചെയ്താൽ മതിയെന്ന് ' നിങ്ങളോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നതാണ് അതിജീവനം.
നിങ്ങളുടെ ശരീരമോ ഈ ഗ്രഹമൊ സൗരയൂഥമോ പ്രപഞ്ചം മുഴുവനോ ആയിക്കൊള്ളട്ടെ ഭൗതികമായതെല്ലാം പരിമിത അസ്തിത്വമാണ്. ഭൗതികമായതിന് എപ്പോഴും വ്യക്തമായ സീമയുണ്ടാകും, എന്നാൽ ഭൗതികതയെ വഹിക്കുന്നത് നിസീമമായ അസ്തിത്വമില്ലായ്മയാണ്, അതിരില്ലാത്ത ശൂന്യതയാണ്.
അസ്തിത്വമുള്ളത് എന്താണോ അതാണ് സൃഷ്ടി. അതിരില്ലാത്ത ശൂന്യത എന്താണോ അതാണ് ശിവൻ.
'ശിവ" നെന്നത് ശൂന്യതയിലേക്ക് നിങ്ങളെ വലിച്ചെടുക്കാൻ സദാ യത്നിച്ചുകൊണ്ടിരിക്കുന്ന ഭാവമാണ്. നിലനിൽക്കാൻ ആഗ്രഹിക്കുന്ന തലവും നിങ്ങളിൽ സജീവമാണ്, എങ്കിലും നിങ്ങളുടെ അസ്തിത്വം പരിമിതമാണ്. നിങ്ങളോ, ഈ ഗ്രഹമോ സൗരയൂഥമോ ആകാശഗംഗയോ എന്തുമായിക്കൊള്ളട്ടെ നിലനില്പ് പരിമിത കാലത്തേക്ക് മാത്രമാണ്. എല്ലാം ആ കൃപയിൽ നിന്ന് മുളയ്ക്കുകയും ആ കൃപയിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു. ശൂന്യതയെന്നതും ശിവൻ എന്നതും കൃപയാണ്. നിങ്ങൾ ഈ പ്രപഞ്ചത്തിലെ ക്ഷുദ്രഘടകമാണ്. വലുതാണെന്ന് നിങ്ങൾ നടിക്കുകയാണ്. നിങ്ങളിലെ നാട്യങ്ങളെയെല്ലാം അവസാനിപ്പിച്ചാൽ, നിങ്ങൾ കൃപയ്ക്ക് പാത്രമാവും.
ഒന്നിനോടും വിവേചനം കാണിക്കാതിരിക്കുക, മുൻവിധി കല്പിക്കാതിരിക്കുക.
യേശു പറഞ്ഞു : 'നിങ്ങളുടെകണ്ണുകൾ ഒന്നായാൽ, നിങ്ങളുടെ ശരീരം പ്രകാശഭരിതമാവും.' ശരീരത്തിലെ കണ്ണുകൾ എന്തിനെയും വിവേചനത്തോടെ കാണുന്നവയാണ്. ഉയർന്നതെന്നും താണതെന്നും പുരുഷനെന്നും സ്ത്രീയെന്നും അവ പറഞ്ഞു തരുന്നു. ഈ രണ്ട് കണ്ണുകളും അതിജീവനത്തിന്റെ ഉപകരണങ്ങളാണ്. 'നിങ്ങളുടെ കണ്ണുകൾ ഒന്നാകുക" എന്നതിനർത്ഥം നിങ്ങൾ എല്ലാത്തിനേയും തുല്യമായി കാണുക എന്നതാണ്. നിങ്ങൾ ഇങ്ങനെയായിത്തീർന്നാൽ, നിങ്ങളുടെ ശരീരം പ്രകാശപൂരിതമാകും, അതാണ് കൃപ.
ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾ അങ്ങനെയായാൽ, നിങ്ങളുടെ ജീവിതം പിന്നൊരിക്കലും പഴയതു പോലെയാവില്ല.