ബംഗളൂരു : ഗ്രാമവാസിയായ വീട്ടമ്മയെ ചോദ്യം ചെയ്യാൻ വനം വകുപ്പ് വിളിച്ചത് കൃഷി നശിപ്പിക്കുവാനെത്തിയ കാട്ടാനകളെ തുരത്താൻ തീയിട്ട സംഭവത്തിലാണ്. കരിമ്പിൻ പാടത്ത് അതിക്രമിച്ച് വിളനശിപ്പിക്കുവാൻ കയറിയ ആനക്കൂട്ടത്തെ തിരിച്ചുവിടാനായി തീയിട്ടത് അന്വേഷിക്കാനെത്തിയതാണ് ഉദ്യോഗസ്ഥർ. കരിമ്പിൻപാടത്ത് തീ പടർന്നത് വെടിയുതിർത്തപ്പോഴാണെന്ന സംശയത്തെ തുടർന്നാണ് അന്വേഷിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. കൊല്ലേഗൽ നല്ലൂർ മാറത്തല്ലി സ്വദേശിനി സ്‌റ്റെല്ലാ മേരിയെന്ന നാൽപ്പതുകാരി വീട്ടമ്മയെ ചോദ്യം ചെയ്യവേ വെടിയുതിർത്തത് താനാണെന്ന് യുവതി സമ്മതിച്ചു. എന്നാൽ ഇത്ര കൃത്യമായ വെടിവയ്ക്കുവാൻ പരിശീലനം എവിടെ നിന്നു ലഭിച്ചുവെന്ന ചോദ്യത്തിന് വീരപ്പൻ എന്ന മറുപടിയാണ് സ്റ്റെല്ല നൽകിയത്. പതിമൂന്നാമത്തെ വയസിൽ കാടിനെ അടക്കി ഭരിച്ച് നാടു ഭരിക്കുന്നവരെ വിറപ്പിച്ച കാട്ടുകള്ളന്റെ സംഘത്തിൽ ചേർന്നതാണ് ഇവർ. വീരപ്പനെ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ ശേഷം ഒളിവു ജീവിതം നയിക്കുകയായിരുന്നു സ്റ്റെല്ല.
ചാംരാജ്നഗറിലെ കൊള്ളീഗാൾ പ്രദേശത്ത് നിന്ന് ഞായറാഴ്ചയാണ് സ്‌റ്റെല്ലയെ പൊലീസ് അറസ്റ്റ് ചെയ്തത്. 13ാം വയസിലാണ് സ്റ്റെല്ല കാടുകയറി വീരപ്പന്റെ സംഘത്തിനൊപ്പം ചേർന്നത്. ആദ്യ ഭർത്താവ് വെള്ളായൻ മരിച്ചതിനെ തുടർന്ന് വേലുസ്വാമി എന്നൊരാളെ വിവാഹം കഴിച്ച് കൊല്ലേഗലിലെ ജാഗേരിയിൽ ആറേക്കർ ഭൂമിയിൽ കൃഷി ചെയ്തു വരികയായിരുന്നു. കരിമ്പുകൃഷിയായിരുന്നതിനാൽ ഇടയ്ക്ക് ആനയിറങ്ങുന്ന പ്രശ്നമുണ്ടായിരുന്നു. അവയ്ക്ക് നേരെ വെടിയുതിർത്ത് വിരട്ടിയോടിക്കുന്നതായിരുന്നു സ്റ്റെല്ലയുടെ പതിവ്. ഇതാണ് ഇവരെ കുരുക്കിലാക്കിയതും. കോടതിയിൽ ഹാജരാക്കിയ സ്‌റ്റെല്ലയെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
2003 ആഗസ്റ്റിൽ വനം പട്രോളിംഗിനിടെ പൊലീസ് സംഘത്തെ ആക്രമിച്ച കേസിലും പാലാർ ബോംബ് സ്‌ഫോടന കേസിലും സ്റ്റെല്ല പ്രതിപട്ടികയിൽ ഉൾപ്പെട്ടിരുന്നു. പാലാർ കേസിൽ ഭീകര വിധ്വംസക പ്രവർത്തന വിരുദ്ധ നിയമ (ടാഡ) പ്രകാരമാണ് ഇവർക്കെതിരെ കേസ് നിലവിലുള്ളത് കേസ്.