ഗ്രാമി പുരസ്കാര നിശയിലെ റെഡ് കാർപ്പെറ്റിൽ എത്തിയ നടി പ്രിയങ്കയുടെ വസ്ത്രധാരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഗ്ലാമർ ലുക്കിള്ള വസ്ത്രധാരണത്തിൽ പ്രിയങ്കയ്ക്ക് വലിയ വിമർശനങ്ങളും നേരിടേണ്ടി വന്നു. തനിക്ക് അനുയോജ്യമായ വസ്ത്രമാണ് എപ്പോഴും ധരിക്കാറുള്ളതെന്നായിരുന്നു വിമർശനങ്ങൾക്ക് പ്രിയങ്ക ചോപ്രയുടെ മറുപടി. വിമർശനത്തിന് മറ്റൊരു മറുപടിയുമായെത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര.
‘പ്രിയങ്കയ്ക്ക് ഭംഗിയുള്ള ശരീരമുണ്ട്. പരിഹസിക്കുന്നവർ അവരുടെ കമ്പ്യൂട്ടറുകൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതാണ്. മാത്രമല്ല, അവർക്ക് പലതും മറച്ചു വയ്ക്കാനും കാണും. ഇങ്ങനെ ഒരു സംഭവം ഉണ്ടായതിൽ എനിക്ക് സന്തോഷമാണ്. കാരണം അവളെ കൂടുതൽ കരുത്തയാക്കാൻ ഈ പരിഹാസങ്ങൾക്ക് സാധിക്കും. പ്രിയങ്ക അവളുടെ ഇഷ്ടപ്രകാരമാണ് ജീവിക്കുന്നത്. മറ്റുള്ളവരെ അവൾ ഉപദ്രവിക്കാറില്ല. അത് അവളുടെ ശരീരമാണ്. അവൾ സുന്ദരിയുമാണ്.
ഈ വസ്ത്രം ധരിക്കുന്നതിനു മുൻപ് അവൾ എന്നെ കാണിച്ചിരുന്നു. വസ്ത്രം കണ്ടപ്പോൾ ഒരു പൊതുവേദിയിൽ ധരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ ആദ്യം കരുതി. പക്ഷേ, അവൾക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. വേറെ ജോലിയൊന്നും ഇല്ലാത്തവരാണ് ട്രോളുകളുമായി എത്തുന്നത്. അവർ കന്പ്യൂട്ടറുകൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നവരാണ്. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ അവർക്ക് കഴിയില്ല. ’– മധു ചോപ്ര പറഞ്ഞു.
ഈ വസ്ത്രം വളരെ അനുയോജ്യമായതാണ് എന്നായിരുന്നു പ്രിയങ്ക വിമർശകർക്ക് മറുപടി നൽകിയത്. ‘വിമർശകർ ചിന്തിക്കുന്നത് എനിക്ക് ഈ വസ്ത്രം ചേരുന്നില്ല എന്നാണ്. എന്നാൽ, ഞാൻ ഈ വസ്ത്രത്തിൽ വളരെ സുരക്ഷിതയായിരുന്നു. ഈ വസ്ത്രം വളരെ അനുയോജ്യമായി തോന്നി. യാതൊരു ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല. എന്തു വസ്ത്രം ധരിച്ചാലും എനിക്ക് ആത്മവിശ്വാസത്തില്‍ കുറവൊന്നും അനുഭവപ്പെടാറില്ല.-പ്രിയങ്ക വ്യക്തമാക്കിയിരുന്നു.