മുംബയ്: പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഉടൻ രാജ്യം വിടണമെന്ന നിർദേശവുമായി മാഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്). സ്വയം പോകാൻ തയ്യാറായില്ലെങ്കിൽ എം.എൻ.എസ് സ്റ്റൈലിൽ പുറത്താക്കുമെന്ന് മുംബയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
മുംബയ് പനവേലിലാണ് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിരിക്കുന്നത്. എം.എൻ.എസ്‌സിന്റെ പുതിയ പാർട്ടി കൊടിയോടൊപ്പമാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. കുങ്കുമ നിറത്തിൽ ഛത്രപതി ശിവജിയുടെ രാജകീയ മുദ്രയും ഒപ്പം രാജ് താക്കറയുടെയും മകൻ അമിത് താക്കറയുടെയും ഫോട്ടോയും പോസ്റ്ററിൽ ചേർത്തിരിക്കുന്നു.
പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറുന്നവരെ ഒഴിപ്പിക്കുന്നതിൽ മോദി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് താക്കറെ പ്രഖ്യാപിച്ചതിന് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഈ പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടത്. കുടിയൊഴിപ്പിക്കൽ ആവശ്യപ്പെട്ട് ഫെബ്രുവരി 9 ന് എം.എൻ.എസ് പ്രതിഷേധ മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.