കടലു കാണി പാറയും ഇനി ടൂറിസം ഭൂപടത്തിൽ. കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി നിർവഹണ ഏജൻസിയെ നിശ്ചയിക്കാൻ ധാരണയായി. കടലു കാണിപ്പാറയുടെ ടൂറിസം പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലാകും വികസനം. കടലുകാണി പാറ സംസ്ഥാന പാതയിൽ കാരേറ്റ് നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് സഹ്യാദ്രിക്കും പടിഞ്ഞാറ് അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ.
പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രം, ഇവിടെ നൂറ്റാണ്ടുകൾക്കപ്പുറം സന്യാസിമാർ തപസനുഷ്ഠിച്ചിട്ടുണ്ടെന്ന് ഐതിഹ്യം..കടലു കാണി പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. ഒന്നാം ഘട്ടത്തിൽ ലക്ഷങ്ങൾ മുടക്കി പദ്ധതികൾ നടപ്പിലാക്കിയിരുന്നങ്കിലും അശാസ്ത്രീയമായ നിർമ്മാണം കാരണം പലതും നശിക്കുകയായിരുന്നു.
രണ്ടാം ഘട്ടം അനുവദിച്ചത് - 1.87 കോടി
പദ്ധതികൾ:-
ലൈറ്റിനിംഗ്
ലാൻഡ്സ്കേപിംഗ്
കുടിവെള്ള ലഭ്യത
ഇരിപ്പിടങ്ങൾ
സി.സി.ടിവി
ചിൽഡ്രൻസ് പാർക്ക്
സംരക്ഷണ വേലി
പൂന്തോട്ടം
ഐതിഹ്യവും വിനോദവും സാഹസികതയും ഒത്തു ചേർന്ന് വിനോദ സഞ്ചാരത്തിന്റെ അനന്ത സാദ്ധ്യതകളുമായി സ്ഥിതി ചെയ്തിരുന്ന കടലുകാണി പാറ അർഹിച്ച പരിഗണന കിട്ടാതെ അവഗണനയിലായിരുന്നു. ഇത് ചൂണ്ടി കാട്ടി "അവഗണന തലയുയർത്തിയ കടലു കാണിപ്പാറ " എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഈ വിഷയം എം.എൽ.എ നിയമസഭയിൽ സബ്മിഷനു വയ്ക്കുകയായിരുന്നു. തുടർന്നാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച അവലോകന യോഗം കഴിഞ്ഞ ദിവസം ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ ടൂറിസം ഡയറക്ടറേറ്റിൽ നടന്നു. നിർവഹണ ഏജൻസിയെ നിശ്ചയിക്കാനുള്ള നടപടി ഈ ആഴ്ച തന്നെ പൂർത്തികരിക്കാൻ യോഗത്തിൽ തീരുമാനമായതായി എം.എൽ.എ അറിയിച്ചു. ടൂറിസം ഡയറക്ടറേറ്റിൽ നടന്ന യോഗത്തിൽ ഡപ്യൂട്ടി ഡയറക്ടർ എ.ആർ. സന്തോഷ് ലാൽ, എ. ഷാഹുൽ ഹമീദ്, സുരേഷ് കുമാർ, പദ്ധതിയുടെ രൂപ രേഖ തയാറാക്കിയ കുമാർ ഗ്രൂപ്പ് പ്രതി നിധികൾ തുടങ്ങിയവർ പങ്കെടുത്തു.