ന്യൂഡൽഹി: കേരളത്തിലെ ലൗ ജിഹാദ് വിഷയത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ ലോക്‌സഭയിൽ. ഇതുവരെ കേരളത്തിൽ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിനെ അറിയിച്ചു. കേരളത്തിൽ നടക്കുന്ന ലൗ ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാന്റെ ചോദ്യത്തിനായിരുന്നു മറുപടി.
കേന്ദ്ര ഏജൻസികളൊന്നും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ രണ്ട് മിശ്രവിവാഹങ്ങൾ എൻ.ഐ.എ അന്വേഷിക്കുന്നുണ്ടെന്നും നിത്യാനന്ദ റായ് പറഞ്ഞു. ലൗ ജിഹാദ് എന്ന പദം ഇപ്പോൾ നിർവചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലൗ ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാൻ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷായും പാർലമെന്റിൽ വ്യക്തമാക്കി.
കേരളത്തിൽ ലൗ ജിഹാദ് ശക്തിപ്പെടുന്നുവെന്ന് അടുത്തിടെ സിറോ മലബാർ സഭ സിനഡ് പറഞ്ഞിരുന്നു. ഇതിനെതുടർന്ന് സിറോ മലബാർ സഭയുടെ പള്ളികളിൽ ഇടയലേഖനവും വായിച്ചിരുന്നു. സഭക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്കാണ് ലൗ ജിഹാദ് പരാമർശങ്ങൾ കാരണമായത്.