മംഗലാപുരം: കേരളത്തിൽ മൂന്ന് പേർക്ക് കൊറോണ വെെറസ് ബാധിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ അതിർത്തികളിൽ പരിശോധന കർശനമാക്കി. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്പോസ്റ്റില്‍ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന ഇന്നും തുടരുന്നു. ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. മൂലഹള്ള ചെക്പോസ്റ്റിലും തമിഴ്നാട് അതിർത്തിയായ ബന്ദിപ്പൂർ ചെക്പോസ്റ്റിലും പരിശോധന നടക്കുന്നുണ്ട്. ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലാണ് ചൊവ്വാഴ്ച മുതല്‍ പരിശോധന നടത്തുന്നത്.
പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് ഏറ്റവും അടുത്ത ആശുപത്രിയില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ സംഘം നിര്‍ദേശിക്കുന്നുണ്ട്. ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്‍പ്പെടെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. സംശയകരമായ ഒരുകേസുപോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് പറയുന്നത്. നോവല്‍ കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നെത്തിയ 63പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരില്‍ 58 പേര്‍ നിരീക്ഷണത്തിലുണ്ടെന്നുമാണ് കര്‍ണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ മൂന്ന് ജില്ലകളിലെ മൂന്നു പേർക്ക് നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഇത് സംസ്ഥാന ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസ് ബാധ എല്ലാ ജില്ലകളിലേക്കും വ്യാപിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന സ്‌റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അപക്‌സ് കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
ചൈനയിൽ നിന്നെത്തിയ മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരും വുഹാനിൽ സഹപാഠികളും ഒരുമിച്ച് നാട്ടിലെത്തിയവരുമാണ്. കാസർകോട്, ആലപ്പുഴ, തൃശൂർ ജില്ലക്കാരാണിവർ. ഇവരുമായി സമ്പർക്കം പുലർത്തിയ 82 പേരെ കണ്ടെത്തി. ഇതിൽ 40 പേർ തൃശൂരിലും 42പേർ മറ്റുജില്ലകളിലും നിരീക്ഷണത്തിലാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ള ആരുടേയും നില ഗുരുതരമല്ല. എന്നാൽ കൂടുതൽ പേർക്ക് രോഗബാധയുണ്ടായേക്കുമെന്ന് മന്ത്രി കെ.കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.