coronavirus

കോഴിക്കോട്: ചൈനയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികൾ വിദേശത്തേക്ക് പോയതായി റിപ്പോർട്ട്. ചൈനയിൽ നിന്നെത്തിയ ഇവർ സൗദി അറേബ്യയിലേക്കാണ് പോയത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു.ആകെ അറുപത് പേരാണ് കോഴിക്കോട് നഗരത്തിൽ ചൈനയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ച് വന്നവരായി കോഴിക്കോട് ഉണ്ടായിരുന്നത്. ഇതിൽ 58 പേർ ഇപ്പോഴും നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

വിദേശത്തേക്ക് കടന്നവരെ കണ്ടെത്തി നിരീക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ഡി.എം.ഒ അറിയിച്ചു. വീടുകളില്‍ കഴിയുന്നവരുടെ നീക്കം മനസിലാക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുള്‍പ്പെടുന്ന സംഘത്തെ ചുമതലപ്പെടുത്താനും പ്രത്യേക കൗണ്‍സില്‍ തീരുമാനിച്ചു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തി കമ്മിറ്റിക്കു രൂപം നല്‍കും.

കൊറോണ ബാധിത സ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഒരു മാസത്തെ നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നിർദേശിച്ചത്. ഇത് മറ്റുളളവരിലേക്ക് പകര്‍ന്നാല്‍ ഇത്രയും ജനസാന്ദ്രമായ സ്ഥലത്ത് വലിയ ആപത്താണെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നുപേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലും രണ്ടാമത്തെയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലും ചികില്‍സയിലാണ്. മൂന്നാമത്തെ രോഗി കാസര്‍കോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണുള്ളത്.