army-

ഇസ്ളാമാബാദ് : ഇന്ത്യ പാക് ബന്ധം യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കടന്നുപോകുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ ശ്രമിക്കുകയും, ഐക്യരാഷ്ട്ര സഭയെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ചെയ്തികൾക്ക് നിശിതമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിക്കുന്നത്. അതേ സമയം കാശ്മീരിൽ പാക് പിന്തുണയോടെ എത്തുന്ന തീവ്രവാദികളെ തുടച്ചുനീക്കുന്ന സൈന്യത്തിന്റെ നടപടി അന്തിമഘട്ടത്തിലുമാണ്. ഇനി ഇന്ത്യയുമായി ഒളിപ്പോരല്ല നേരിട്ടുള്ള വിശുദ്ധയുദ്ധമാണ് വേണ്ടതെന്ന് പാക് പാർലമെന്റിൽ ഒരു കൂട്ടം എം.പിമാർ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോടാണ് എം.പിമാർ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്.

ജംഇയ്യത്തുൽ ഉലമയെ ഇസ്ലാം ഫസൽ എന്ന പാർട്ടിയുടെ എം.പിമാരാണ് ഈ വാദമുയർത്തിയത്. കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും യുദ്ധം നടന്നാൽ ലോകരാഷ്ട്രങ്ങൾ ഈ വിഷയത്തിൽ ഇടപെടുമെന്നും അവർ പറഞ്ഞു. ജംഇയ്യത്തുൽ ഉലമയെ ഇസ്ലാം ഫസലിന്റെ നേതാവായ മൗലാന അബ്ദുൾ അക്ബർ ചിത്രാലിയാണ് കാശ്മീർ വിഷയത്തിൽ പരിഹാരം കാണണമെങ്കിൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടത്. പാകിസ്ഥാൻ യുദ്ധം പ്രഖ്യാപിച്ചാൽ അന്താരാഷ്ട്ര സമൂഹം ഇടപെടുമെന്നും കാശ്മീർ വിഷയത്തിൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പത്തിന് യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഈ ഏറെ നേരം ചൂടേറിയ ചർച്ച നടന്നിട്ടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും പാക് മാദ്ധ്യമം ഡോൺ റിപ്പോർട്ടു ചെയ്തു.


ഇന്ത്യയ്ക്ക് വേണ്ടത് പത്ത് ദിനങ്ങൾ മാത്രം

പാകിസ്ഥാനെ തകർക്കാൻ ഇന്ത്യക്കു വേണ്ടത് വെറും 10 ദിവസങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രസ്താവിച്ചിരുന്നു. ന്യൂഡൽഹിയിൽ എൻസിസി വിദ്യാർഥികളെ അഭിസംബോധന ചെയ്യവെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്ഥാനെ നിലക്കു നിർത്താൻ മുൻ ഭരണാധികാരികൾക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.