രുദ്രപുർ: കൊലക്കേസ് പ്രതി പൊലീസുകാരനായി ജോലി ചെയ്തത് 19 വർഷം. ഉത്തരാഖണ്ഡിലെ അൽമോറയിലാണ് സംഭവം. മുകേഷ് കുമാർ എന്നയാളാണ് പൊലീസിൽ കോൺസ്റ്റബിളായി ജോലി ചെയ്തത്. 1997ലാണ് മുകേഷ് അധികൃതരെ പറ്റിച്ച് സർവീസിൽ കയറിപ്പറ്റിയത്.
കഴിഞ്ഞ ദിവസമാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ അറിഞ്ഞത്. 1997ൽ നടന്ന ഒരു കൊലപാതക കേസിലെ പ്രതിയാണ് മുകേഷ്. കേസിൽ പിടിക്കപ്പെടാതെ തടിതപ്പിയ ഇയാൾ നാല് വർഷത്തിന് ശേഷം ഉത്തരാഖണ്ഡ് പൊലീസ് റിക്രൂട്ട്മെന്റിൽ വ്യാജ രേഖകൾ ഉപയോഗിച്ച് അപേക്ഷ നൽകി. കോൺസ്റ്റബിളായി ജോലിയും കിട്ടി.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ അൽമോറ പൊലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. മുകേഷിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, കൂട്ടത്തിലുള്ള വ്യാജനെ തിരിച്ചറിയാൻ കഴിയാത്ത ഇവർ എങ്ങനെ കുറ്റവാളികളെ പിടികൂടുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.