ship

ടോക്കിയോ: യാത്രികന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന്‌ ആഡംബര കപ്പലിലെ ജീവനക്കാരും യാത്രക്കാരുമടക്കം 3500പേർ പ്രത്യേക നിരീക്ഷണത്തിൽ. ഹോങ്കോംഗ് തുറമുഖത്ത് കപ്പലിറങ്ങിയ 80 വയസുകാരന് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജപ്പാനിലെ യൊക്കോഹാമയിൽ എത്തിയ ആഡംബര കപ്പൽ ഡയമണ്ട് പ്രിൻസസിലാണ് സംഭവം. യാത്രക്കാരെയും ജീവനക്കാരെയും പരിശോധിക്കുന്നതിന്റെ ഭാഗമായി കൊറണ്ടയ്ൻ ഓഫീസർമാർ പ്രവേശിച്ചിട്ടുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 25ന് കപ്പലിൽ നിന്നും ഇറങ്ങിപ്പോയ ആൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇവർ കപ്പലിൽ യാത്ര കഴിഞ്ഞെത്തിയതിനെ തുടർന്ന് മറ്റാർക്കെങ്കിലും വൈറസ് ബാധ ഏറ്റിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. കൊറോണയുടെ പരിശോധനകൾക്കായി കപ്പലിൽ കാത്തുനിൽക്കുകയാണെന്ന് യാത്രക്കാരിലൊരാൾ പറയുന്നു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നേരത്തെ ജപ്പാനിലെ നഹ തുറമുഖത്ത് വച്ച് കപ്പൽ യാത്രക്കാരെ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. എന്നാൽ അന്ന് വൈറസ് ബാധ ആർക്കും സ്ഥിരീകരിച്ചിരുന്നില്ല.

പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനാൽ മണിക്കൂറുകളോളമാണ് പലർക്കും കപ്പലിൽ കാത്തിരിക്കേണ്ടി വരുന്നത്. തിങ്കളാഴ്ച മുതൽ പരിശോധനയ്ക്കായി മുറിക്കുള്ളിൽ കാത്തുനിൽക്കുകയാണെന്നും ചൊവ്വാഴ്ച പുലർച്ചെ ആയിട്ടും പരിശോധന നടത്താൻ കഴിഞ്ഞില്ലെന്നും ഒരു കപ്പൽ യാത്രക്കാരൻ പറഞ്ഞു. എപ്പോൾ പരിശോധന പൂ‌ർത്തിയാവുമെന്ന് അറിയിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2500 യാത്രക്കാരും 1000 ജീവനക്കാരുമാണ് കപ്പലിലുള്ളത്. അതേസമയം, ജപ്പാനിള 20 പേർക്ക് കൊറോണ സ്ഥിരീകരിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ 500 പേർ ഇപ്പോൾ ജപ്പാനിൽ നിരീക്ഷണത്തിലാണ്.