anurag-kashyap-

കൊൽക്കത്ത: സ്റ്റാന്റ് അപ് കൊമേഡിയൻ കുനാൽ കമ്രയെ വിലക്കിയ ഇന്റിഗോ, എയർ ഇന്ത്യ, ഗോ എയർ, സ്‌പൈസ് ജെറ്റ് വിമാനങ്ങളിൽ പറക്കില്ലെന്ന് വ്യക്തമാക്കി സംവിധായകൻ അനുരാഗ് കശ്യപ്.

മാദ്ധ്യമപ്രവർത്തകനായ അർണാബ് ഗോസ്വാമിയെ വിമാനത്തിൽ വച്ച് അപമാനിച്ചുവെന്ന് ആരോപിച്ച് നാല് വിമാനക്കമ്പനികൾ കുനാൽ കമ്രയെ വിലക്കിയിരുന്നു.

''എനിക്ക് പുലർച്ചെ നാലിന് കൊൽക്കത്തയിലേക്ക് പോകണം. പക്ഷേ, ഞാൻ ഇൻഡിഗോയിൽ പറക്കില്ല. കുനാൽ കമ്രയെ പിന്തുണയ്ക്കുന്നു'' -കശ്യപ് ട്വീറ്റ് ചെയ്തു,

തുടർന്ന് വിസ്താരയിലാണ് കശ്യപ് യാത്ര ചെയ്തത്. കൊൽക്കത്തയിലെ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനത്തിനിടെ കശ്യപ് തന്റെ നിലപാടും കുനാൽ കമ്രയ്ക്കുള്ള പിന്തുണയും വ്യക്തമാക്കി.

'സംഭവം നടന്ന രീതികൊണ്ടാണ് ഞാൻ ഈ തീരുമാനമെടുത്തത്. ഒരു മന്ത്രി പറയുന്നു, എയർ ഇന്ത്യയിൽ പറക്കാൻ കുനാൽ കമ്രയെ അനുവദിക്കില്ലെന്ന്, മറ്റ് വിമാന കമ്പനികളും നടപടിയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന്. വിമാനക്കമ്പനികളെല്ലാം സർക്കാരിനെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു ഔദ്യോഗിക ഉത്തരവുമില്ലാതെ, ഒരു അന്വേഷണവുമില്ലാതെ, അവർ ആ മനുഷ്യനെ നിരോധിച്ചു. പൈലറ്റുമാരോട് സംസാരിക്കണമെന്നുകൂടി അവർ ഓർത്തില്ല. ഇത് ധിക്കാരമാണ്. കുനാൽ കമ്രയുടെ വിലക്ക് നീക്കുന്നതുവരെ ഈ നാല് കമ്പനിയുടെ വിമാനത്തിലും ഞാൻ കയറില്ല''- കശ്യപ് പറഞ്ഞു.