temple

ഭൂമി സംബന്ധമായ ദോഷങ്ങൾ തീരുവാനും നഷ്ടപ്പെട്ടതും കേസിൽ പെട്ടതുമായി സ്ഥലം തിരിച്ചു കിട്ടാനും ഒക്കെ പന്നിയൂരപ്പനോട് പ്രാർത്ഥിച്ചാൽ ശരിയാകുമെന്നാണ് വിശ്വാസം. ഭൂമി ക്രയവിക്രയങ്ങൾക്കുള്ള തടസങ്ങൾ വരാഹമൂർത്തി മാറ്റി തരുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.

നാലായിരം വർഷം മുൻപ് പരശുരാമൻ പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രം. ആയിരത്തി ഇരുന്നൂറ് വർഷം മുമ്പ് ഇത് കേരളത്തിലെ പ്രമുഖ ക്ഷേത്രമായിരുന്നു. ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം പുനരുദ്ധാരണം നടത്തിയപ്പോൾ ശ്രീകോവിലിന്റെ മേൽക്കൂര കൂടുകൂട്ടിയത് എന്നും ഒരു ഐതിഹ്യമുണ്ട്. പെരുന്തച്ചന്റെ അനുഗ്രഹം കൊണ്ട് എന്നും ഇവിടെ കുലത്തിലൊരുവന് പണിയുണ്ടാകും എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ ഉളിയും മുഴക്കോലും ഇവിടെ വച്ചിട്ടാണ് പോയത്. പെരുന്തച്ചന്റെ പുത്രഹത്യയ്ക്ക് ശേഷമാണ് അതുണ്ടായത്.

temple

ഭൂമീ ദേവിയെ ഇടതു തുടയിലിരുത്തി വരാഹമൂർത്തി ഭാവത്തിൽ ഭഗവാൻ ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. പരശുരാമൻ നാലായിരം വർഷം മുൻപു പ്രതിഷ്‌ഠിച്ചതാണത്രേ ക്ഷേത്രം. ആദി വരാഹമൂർത്തി വിഗ്രഹമായിരുന്നു അദ്ദേഹം പ്രതിഷ്ഠിച്ചതെന്നാണു വിശ്വാസം. 'അഞ്ജനത്തിന്റെ നിറം പോലെ നീലക്കറുപ്പോടുകൂടിയ ശരീരം. തേറ്റയ്ക്കു മീതെ ഭൂമിയെ ഉയർത്തിപ്പിടിച്ചു ഘ്രാണിക്കുന്നതും നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, പങ്കജങ്ങൾ എന്നിവ ധരിച്ചതു'മായിരുന്നു ആ വിഗ്രഹം. ഇപ്പോഴുള്ള വിഗ്രഹം 1758ൽ പുനഃ പ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്നു.

വരാഹ മുഖവും മനുഷ്യ ശരീരവുമുള്ള ഭഗവാൻ ആദിശേഷന്റെ ഫണത്തിൽ വലതുകാൽ ചവിട്ടി, വലതുകാൽ മുട്ടുമടക്കി ഇടതു തുടമേൽ ഭൂമി ദേവിയെ ഇരുത്തി ഇടതുകയ്യാൽ ദേവിയെ ഒതുക്കി വില്ലുപിടിച്ച രൂപമാണിപ്പോൾ. പ്രതിഷ്ഠാ സമയത്തു വലംപിരി ശംഖും ഹിരണ്യ ഗർഭ സാളഗ്രാമവും നൽകിയത് ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ സാക്ഷാൽ അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ്.

temple

ഭൂമി പൂജയാണത്. ഇവിടത്തെ സവിശേഷതയാണ് ഈ വഴിപാട്. വസ്തുവുമായോ ഭൂമിയുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ പറമ്പിലെ നാലുവശത്തു നിന്നുമുള്ള മണ്ണ് ഇവിടെ എത്തിച്ചു പൂജിച്ചാൽ പരിഹരിക്കപ്പെടുമത്രേ. പൂജയ്ക്കു ശേഷം മണ്ണ് ഭൂമിയിൽത്തന്നെ നിക്ഷേപിക്കണം. പിന്നീടു പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ കാര്യ സിദ്ധി പൂജ നടത്തണം.

'വരാഹമൂർത്തി രക്ഷിക്കണേ' എന്നു മൂന്ന് തവണ വിളിച്ചു പ്രാർത്ഥിച്ചാൽ ഏത് ആപത്തിൽ നിന്നും ഭഗവാൻ തങ്ങളെ കരകയറ്റുമെന്നാണ് വിശ്വാസം. എന്നാൽ വിചാരിക്കുന്ന ഉടനെ ഈ ക്ഷേത്രത്തിൽ എത്താൻ ഭക്തർക്ക് കഴിയണമെന്നില്ല. നല്ലവണ്ണം ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ദേവന്റെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമാണ് ഇവിടെ ദർശനം നടത്താൻ സാധിക്കുക എന്നതാണ് അനുഭവം. ശിവക്ഷേത്രം, അയ്യപ്പക്ഷേത്രം, ദുർഗാക്ഷേത്രം, ഗണപതി, സുബ്രഹ്മണ്യൻ, ലക്ഷ്മീനാരായണൻ തുടങ്ങി ഉപദേവന്മാരുടെ ക്ഷേത്രങ്ങളുള്ള ഒരു മഹാക്ഷേത്രമാണിത്. ചിത്രഗുപ്തന്റെയും യക്ഷിയുടെയും സാന്നിദ്ധ്യം ഇവിടത്തെ പ്രത്യേകതയാണ്. പഴയ കൂത്തമ്പലത്തിന്റെ അവശിഷ്ടവും ഇവിടെ കാണാം. ചരിത്ര പ്രശസ്‌തമായ പന്നിയൂർ തുറ ക്ഷേത്രത്തിന് തൊട്ട് വടക്കായി കാണാം.

temple

ദിവസവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകുന്നേരം 5 മുതൽ 8 വരെയും ക്ഷേത്രത്തിൽ ആരാധനകൾ നടക്കുന്നു. മകര മാസത്തിൽ അശ്വതിയിൽ വരാഹമൂർത്തിയുടെ പ്രതിഷ്‌ഠാദിനം പൂയ്യത്തിന് സുബ്രഹ്മണ്യസ്വാമിക്ക് തൈപ്പൂയ്യം. മീനം/മേടത്തിൽ വരാഹജയന്തി. മേടത്തിൽ വിഷുക്കണി. മിഥുനത്തിൽ അനിഴം പ്രതിഷ്ഠാദിനം (ഭഗവതി – സുബ്രഹ്മണ്യൻ). കർക്കടകം 31ന് മഹാഗണപതി ഹോമം. ചിങ്ങത്തിൽ അഷ്ടമിരോഹിണി. കന്നി/തുലാം മാസങ്ങളിൽ ദുർഗാഷ്ടമി– പൂജവെയ്പ്, വിജയദശമി– വിദ്യാരംഭം, അഖണ്ഡനാമജപം. വൃശ്ചികത്തിൽ ആദ്യ ശനിയാഴ്ച ശാസ്താവിന്, ധനു ആദ്യ ബുധനാഴ്ച കുചേലദിനം. ധനു പത്തിന് മണ്ഡലസമാപനം, ലക്ഷാർച്ചന എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷദിവസങ്ങൾ.

temple

തൃശൂർ ഭാഗത്തു നിന്നു കുണ്ടളത്തു വന്ന് എടപ്പാളിൽ എത്തിയാലും കുറ്റിപ്പുറത്തു ട്രെയിൻ ഇറങ്ങിയാലും കുമ്പിടിയിലെത്താം. കോഴിക്കോട്ടു നിന്നു കുറ്റിപ്പുറത്ത് എത്തിയാലും കുമ്പിടിയിലേക്കുള്ള ബസ് കിട്ടും. പാലക്കാട്ടു നിന്നു വരുന്നവർക്ക് ഒറ്റപ്പാലം–കൂറ്റനാട്– തൃത്താല വഴി കുമ്പിടിയിലെത്താം. തിരുവനന്തപുരം ഭാഗത്തു നിന്നു വരുന്നവർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ കുമ്പിടിയിലേക്കുള്ള ബസ് കിട്ടും. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് എടപ്പാളിൽ നിന്നു കൂറ്റനാട് തൃത്താല റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാം.