ബീജിംഗ്: കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം കുറ്റസമ്മതം നടത്തി. വിഷയത്തിൽ പല ബുദ്ധിമുട്ടുകളും രാജ്യം നേരിടുന്നതായും ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അറിയിച്ചു.
കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. മാസ്‌കുകളുടെയും സംരക്ഷണ സ്യൂട്ടുകളുടെയും കുറവുണ്ടെന്നും അത് പരിഹരിക്കണമെന്നും യോഗം നിർദ്ദേശിച്ചു. പ്രസിഡന്റ് ഷീ ജിൻപിങ്ങിന്റെ നേതൃത്വത്തിലായിരുന്നു യോഗം. മാംസ വിപണികളിൽ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനും തീരുമാനിച്ചു.
അതിനിടെ ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടാമത് മരണം സ്ഥിരീകരിച്ചു. ഹോങ്കോംഗിലാണ് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 39കാരൻ മരിച്ചത്. വുഹാൻ സന്ദർശിച്ചിരുന്ന ഇയാൾ രണ്ടു ദിവസം മുൻപാണ് ഹോങ്കോംഗിലേക്ക് തിരിച്ചെത്തിയതെന്ന് അധികൃതർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഇതിനിടെ, രോഗം ബാധിച്ച വുഹാനിൽനിന്നുള്ളയാളെ സന്ദർശിച്ച വിവരം മറച്ചുവച്ചതിന് യുവതിയെ ചൈനയിൽ അറസ്റ്റു ചെയ്തു. വൈറസ് ബാധ തടയുന്നതിനായി കർശന നിയന്ത്രണങ്ങളാണ് ചൈനയിൽ നടപ്പാക്കുന്നത്.
ചൈനയിൽ പത്തുദിവസം കൊണ്ട് കെട്ടിപ്പൊക്കിയ 'വുഹാൻ ഹൂഷെൻഷൻ ഹോസ്പിറ്റലിലേക്ക്' ഇന്നലെ മുതൽ കൊറോണ രോഗികളെ മാറ്റിത്തുടങ്ങി. 269,000 ചതുരശ്രയടിയിൽ 1000 കിടക്കകളാണ് ആശുപത്രിയിലുള്ളത്. 323,000 ചതുരശ്രയടിയിൽ 1300 കിടക്കകളുള്ള ലീഷെൻഷാൻ എന്ന ആശുപത്രി മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാകും.
മലേഷ്യയിലും കൊറോണയെത്തി
മലേഷ്യയിൽ ആദ്യത്തെ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. ഒരു അന്താരാഷ്ട്ര സമ്മേളനത്തിന് സിംഗപ്പൂരിൽ പോയി മടങ്ങിയെത്തിയ 41കാരന് രോഗം സ്ഥിരീകരിച്ചതായി മലേഷ്യൻ ആരോഗ്യ മന്ത്രി അറിയിച്ചു. മലേഷ്യയിൽ ജനുവരി 18നെത്തിയ ചൈനക്കാരനും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബെൽജിയത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയിൽ മരണം 425 ആയി. ഇന്നലെ മാത്രം 65 പേർ മരിച്ചു
20,486 പേർക്ക് രോഗം സ്ഥിരീകരിച്ചു
ഒന്നര ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലാണ്