ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിന്റെ ഫലം ആം ആദ്മി പാർട്ടിക്ക് അനുകൂലമായിരിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ നടത്തിയ പ്രീ പോൾ സർവേ ഫലം. 54 മുതൽ 60 വരെ സീറ്റുകൾ ആം ആദ്മി പാർട്ടി നേടുമെന്നാണ് 'ഇപ്‌സോസി'ന്റെ സഹായത്തോടെ ടൈംസ് ഒഫ് ഇന്ത്യ നടത്തിയ സർവേ ഫലത്തിൽ പറയുന്നത്. അതേസമയം ബി.ജെ.പി ഇവിടെ 10 മുതൽ 14 വരെയുള്ള സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സർവേ ഫലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോൺഗ്രസിനാണെങ്കിൽ വെറും രണ്ട് സീറ്റുകൾ മാത്രമാണ് ഡൽഹിയിൽ നേടാനാകുക എന്നും സർവേ പറയുന്നു. തിങ്കളാഴ്ച പുറത്തുവന്ന സർവേ ഫലത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. ആകെ 70 നിയമസഭാ സീറ്റുകളാണ് ഡൽഹിയിൽ ഉള്ളത്. 54 ശതമാനം വോട്ട് വിഹിതം ആം ആദ്മിക്കും, 34 ശതമാനം ബി.ജെ.പിക്കും ഇത്തവണ ലഭിക്കും. 2015 നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആം ആദ്മിയുടെ വോട്ടുവിഹിതത്തിൽ 2.5 ശതമാനത്തിന്റെ ഇടിവും ബി.ജെ.പിയുടേതിൽ 1.7 ശതമാനത്തിന്റെ വർധനവും ഉണ്ടാകുമെന്നും സർവേ പ്രവചിക്കുന്നു.
കൗതുകകരമായ കാര്യം, ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ, കഴിഞ്ഞ വർഷത്തെപ്പോലെ, ഡൽഹിയിലെ 7 ലോക്സഭാ സീറ്റുകളും ബി.ജെ.പി നേടുമെന്നും സർവേയിൽ പരാമർശമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ നടക്കുകയാണെങ്കിൽ 46% ജനങ്ങൾ ബി.ജെ.പിക്കും 38% പേർ ആം ആദ്മിക്കുമാകും വോട്ട് ചെയ്യുക. പ്രധാനമന്ത്രി സ്ഥാനത്ത് നരേന്ദ്ര മോദി തന്നെ തുടരണമെന്നാണ് 75% ഡൽഹിക്കാരും ആഗ്രഹിക്കുന്നത്.
അതേസമയം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി വരണമെന്ന് 8% പേർ മാത്രമാണ് ആഗ്രഹിക്കുന്നത്. പൗരത്വ നിയമഭേദഗതിയുടെ കാര്യത്തിൽ കേന്ദ സർക്കാർ ശരിയായ തീരുമാനം തന്നെയാണ് കൈക്കൊണ്ടതെന്ന് 71% പേരും വിശ്വസിക്കുന്നു. 52% പേരും ഷഹീൻ ബാഗിൽ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരത്തെ എതിർക്കുകയാണ് ചെയ്തത്. അതേസമയം 25 ശതമാനം പേർ സമരക്കാർക്കൊപ്പമാണ്. 24% പേർ പ്രത്യേകിച്ച് നിലപാടുകളൊന്നും സ്വീകരിച്ചില്ലെന്നും സർവേയിൽ പറയുന്നു. ഫെബ്രുവരി 8നാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.