കൊച്ചി: കാൻസർ രോഗികളിൽ കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങൾ തടയാൻ പച്ചച്ചക്കയ്ക്ക് കഴിയുമെന്ന് എറണാകുളം റിനൈ മെഡിസിറ്രിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. മൈക്രോസോഫ്‌റ്റിന്റെ മുൻ ഡയറക്‌ടർ ജയിംസ് ജോസഫിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച 'ജാക്ക്ഫ്രൂട്ട് 365" ചക്കപ്പൊടി ഉപയോഗിച്ച്, 50 കാൻസർ രോഗികളിൽ റിനൈ മെഡിസിറ്രി ആശുപത്രിയിലെ കാൻസർ വിഭാഗം മേധാവിയും ഓങ്കോളജിസ്‌റ്റും സർജനുമായ ഡോ.തോമസ് വർഗീസ് നടത്തിയ, പരീക്ഷണത്തിലാണ് ചക്കപ്പൊടിയുടെ ഗുണം തിരിച്ചറിഞ്ഞത്.
ജാക്ക്ഫ്രൂട്ട് 365 ചക്കപ്പൊടി ചേർത്ത വിഭവങ്ങൾ രോഗികൾക്ക് നൽകുകയായിരുന്നു. ഇവരിൽ, കീമോതെറാപ്പിയുടെ, കടുത്ത വേദനയുള്ള പാർശ്വഫലങ്ങളായ ലൂകോപേനിയ ഉൾപ്പെടെയുള്ളവ ഉണ്ടായില്ലെന്ന് പഠനത്തിൽ കണ്ടെത്തി. ഇത്, ചികിത്സയുടെ സങ്കീർണതകളും ചെലവുകളും കുറച്ചു. ജാക്ക്ഫ്രൂട്ട്365 ഉപയോഗിച്ച് നടത്തിയ പഠനം, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന പ്രമുഖ ജേർണലായ ബയോമോളിക്യൂൾസിൽ ഫെബ്രുവരി രണ്ടിന് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. തോമസ് വർഗീസ്, ജയിംസ് ജോസഫ്, റിനൈ മെഡിസിറ്രി ഹോസ്‌പിറ്റൽ വൈസ് പ്രസിഡന്റ് സിജോ വി. ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജയിംസ് ജോസഫിന്റെ 'ഗോഡ്‌സ് ഓൺ ഫുഡ് സൊല്യൂഷൻസ്" എന്ന സ്റ്റാർട്ടപ്പാണ് ജാക്ക്ഫ്രൂട്ട് 365 നിർമ്മിച്ചത്. ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സാണ് വില്പന നടത്തുന്നത്. ഇന്ത്യയിലും ഗൾഫിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഓൺലൈനിലും ലഭിക്കും. വില 200 ഗ്രാം പായ്‌ക്കിന് 65 രൂപ.
രോഗികൾക്കും രോഗമില്ലാത്തവർക്കും ജാക്ക്ഫ്രൂട്ട് 365 ഉപയോഗിക്കാം. ഭക്ഷണത്തിൽ ചേർത്താണ് കഴിക്കേണ്ടത്. ഉദാഹരണത്തിന്, ചപ്പാത്തി ഉണ്ടാക്കുമ്പോൾ മാവിനൊപ്പം ചേർക്കാം. തൈര്, രസം എന്നിവയിൽ ചേർത്ത് സേവിക്കാം.