ന്യൂഡൽഹി: നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ വിധി പറയും. നാളെ ഉച്ച കഴിഞ്ഞ് 2:30നാണ് ഹർജിയിൽ കോടതി വിധി പറയുക. പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി നാളെ വിധി പറയുക. ദയാഹർജി തള്ളിയ മുകേഷ് സിംഗിന്റെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ പറയുന്നുണ്ട്.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഈ ആവശ്യം ഉന്നയിച്ചത്.
പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നും പുനഃപരിശോധനാ ഹർജികൾ മനഃപൂർവം വൈകിപ്പിച്ചുകൊണ്ട് അവർ രാജ്യത്തിന്റെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. കുറ്റകൃത്യം നടന്ന് ഏഴുവർഷം കഴിഞ്ഞിട്ടും ശിക്ഷ നടപ്പാക്കിയിട്ടില്ലെന്നും തുഷാർ മേത്ത ചൂണ്ടിക്കാണിച്ചു.
സമൂഹത്തിന്റെയും നീതിയുടെയും താത്പ്പര്യം കണക്കിലെടുത്ത് വധശിക്ഷ ഉടൻ നടപ്പിലാക്കണം. നീതി നിർവഹണം തടസ്സപ്പെടാത്താൻ കരുതിക്കൂട്ടിയുള്ള നടപടികൾ ഉണ്ടാകുന്നു. നിയമ പോംവഴികൾ ഉപയോഗിച്ച് പ്രതികൾ കാലതാമസം വരുത്തുകയാണ്. പ്രതി മുകേഷ് സിംഗ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത് 186 ദിവസങ്ങൾക്ക് ശേഷമാണ്. തിരുത്തൽ ഹർജി നൽകാൻ 550 ദിവസം വൈകിയതും മനഃപൂർവ്വമാണ് നിലവിൽ അക്ഷയ് സിങ്ങിന്റെ ദയാഹർജി മാത്രമേ രാഷ്ട്രപതിയുടെ പരിഗണനയിൽ ഉളളൂ. സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടിയിരുന്നു