ക്വാലാലംപൂർ: പാം ഓയിലിൽ ഇന്ത്യയിലെ വ്യാപാരികളുടെ ബഹിഷ്കരണം തുടരുന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മലേഷ്യ കടന്നുപോകുന്നത്. ഐക്യരാഷ്ട്ര സഭയിലടക്കം പാകിസ്ഥാൻ കൊണ്ടുവരുന്ന ഇന്ത്യ വിരുദ്ധ പ്രമേയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന മലേഷ്യൻ സർക്കാരിന്റെ നിലപാടിനെതിരെ ഇന്ത്യൻ വ്യാപാര സമൂഹം ബഹിഷ്കരണവുമായി രംഗത്തെത്തുകയായിരുന്നു.
ഈ സാഹപര്യത്തിൽ മലേഷ്യയുമായി വ്യാപാര ബന്ധം പാക്കിസ്ഥാൻ ശക്തമാക്കാനൊരുകയാണ്. കാശ്മീർ വിഷയത്തിൽ എടുത്ത നിലപാടിന്റെ പേരിൽ മലേഷ്യയ്‌ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. ഇമ്രാൻഖാനും മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇമ്രാൻഖാൻ നടത്തിയ മലേഷ്യന്‍ സന്ദർശനത്തിനിടെയാണ് ഈ വിഷയത്തിൽ തീരുമാനമായത്. മലേഷ്യൻ ഇറക്കുമതിയിൽ ഇന്ത്യ വിലക്കു വെച്ചിരിക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ അതിനെ മറികടക്കാന്‍ തയ്യാറാവുമെന്ന് വാർത്താ സമ്മേളത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം വാർത്താ സമ്മേളനത്തിൽ മഹാതീർ മുഹമ്മദ് കശ്മീർ വിഷയമോ പൗരത്വ വിഷയമോ പരാമർശിച്ചിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.
ജമ്മു കാശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിർ മുഹമ്മദിന്റെ പരമാർശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. മലേഷ്യയുമായി മികച്ച വ്യാപാര ബന്ധമായിരുന്നു ഇന്ത്യയ്ക്കുള്ളത്. ലോകത്തെ രണ്ടാമത്തെ വലിയ പാമോയിലിൽ ഉത്പാദക രാജ്യമായ മലേഷ്യയിൽ നിന്നുമാണ് ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ മഹാതിർ മൊഹമ്മദിന്റെ വിവാദ പ്രസംഗത്തിനുശേഷം മലേഷ്യയിൽ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് പ്രതിവർഷം 9 ദശലക്ഷം ടണ്ണിലധികം പാമോയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യൻ പാമോയിൽ ബോർഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ഏറ്റവുമധികം പാമോയിൽ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്.