കൊച്ചി: ബഡ്‌ജറ്റ് ദിനത്തിലെ കനത്ത നഷ്‌ടത്തിൽ നിന്ന് രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി വിപണികളുടെ ഉയിർത്തെഴുന്നേൽപ്പ്. കേന്ദ്ര ധനമന്തി നിർമ്മല സീതാരാമൻ ബഡ്‌ജറ്ര് അവതരിപ്പിച്ച, ഫെബ്രുവരി ഒന്നിന് സെൻസെക്‌സ് 967 പോയിന്റും നിഫ്‌റ്രി 300 പോയിന്റും ഇടിഞ്ഞിരുന്നു. അന്ന്, സെൻസെക്‌സിലെ നിക്ഷേപകർക്ക് മൂന്നുലക്ഷം കോടി രൂപയോളം നഷ്‌ടമാകുകയും ചെയ്‌തു.
ഇന്നലെ, ഈ നഷ്‌ടം നികത്തിയ സെൻസെക്‌സ് വ്യാപാരത്തിനിടെ ഒരുവേള ആയിരം പോയിന്റിനുമേൽ കുതിച്ചുയർന്നു. വ്യാപാരാന്ത്യം 917 പോയിന്റ് നേട്ടവുമായി 40,789ലാണ് സെൻസെക്‌സുള്ളത്; നിഫ്‌റ്രി 271 പോയിന്റ് നേട്ടവുമായി 11,979ലും. ക്രൂഡോയിൽ വില നിർജീവമായതും ഒരിടവേളയ്ക്ക് ശേഷം ചൈനീസ് ഓഹരി വിപണി നേട്ടത്തിലേറിയതും നിക്ഷേപകരെ സ്വാധീനിച്ചു.
ഇന്ത്യയിൽ, മാന്ദ്യകാലം മറയുന്നുവെന്ന സൂചന നൽകിക്കൊണ്ട്, ജനുവരിയിൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്‌സ് (പി.എം.ഐ), എട്ടുവർഷത്തെ ഉയരത്തിലെത്തിയതും കരുത്തായി. അസംസ്‌കൃത വസ്‌തുക്കൾ വാങ്ങുന്നതിൽ വ്യാവസായിക ലോകത്തിന്റെ സാമ്പത്തികശേഷി മെച്ചപ്പെട്ടതിന്റെ നിലവാരമാണ് സൂചിപ്പിക്കുന്നത്. ടൈറ്റൻ, ഐ.ടി.സി., എച്ച്.ഡി.എഫ്.സി., ബജാജ് ഫിനാൻസ് എന്നിവയാണ് ഇന്നലെ നേട്ടത്തിന് നേതൃത്വം നൽകിയത്.
നേട്ടത്തിന് പിന്നിൽ
ആകർഷക പ്രഖ്യാപനങ്ങളില്ലെങ്കിലും തിരിച്ചടികളില്ലാത്ത ബഡ്‌ജറ്റ്.
ചൈനീസ് ഓഹരികളുടെ നേട്ടത്തിലേറൽ.
കഴിഞ്ഞ മാസങ്ങളിൽ ബാരലിന് 70 ഡോളർ വരെ ഉയർന്ന ബ്രെന്റ് ക്രൂഡ് വില 54 ഡോളറിലേക്ക് താഴ്‌ന്നത്.
നേട്ടം ₹3.57 ലക്ഷം കോടി
കഴിഞ്ഞ രണ്ടുദിവസത്തിനിടെ സെൻസെക്‌സിലെ നിക്ഷേപകർ കുറിച്ച നേട്ടം 3.57 ലക്ഷം കോടി രൂപ. ഇന്നലെ മാത്രം നേട്ടം 2.87 ലക്ഷം കോടി രൂപ. 156.63 ലക്ഷം കോടി രൂപയാണ് സെൻസെക്‌സിന്റെ മൂല്യം.
രൂപയ്ക്കും സന്തോഷം
ഇന്ത്യൻ റുപ്പിയുടെ നേട്ടവും ഇന്നലെ ഓഹരികളിൽ ഉണർവുണ്ടാക്കി. ഡോളറിനെതിരെ 75 പൈസ ഉയർന്ന് 71.25ലാണ് വ്യാപാരാന്ത്യം രൂപയുള്ളത്.
വിദേശനിക്ഷേപം
മേലോട്ട്
നടപ്പുവർഷം (2019-20) ഏപ്രിൽ-നവംബർ കാലയളവിൽ നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 3,490 കോടി ഡോളർ ലഭിച്ചുവെന്നും ഏതാനും വർഷങ്ങളായി വിദേശ നിക്ഷേപം വർദ്ധിക്കുകയാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
വളർച്ച ഇങ്ങനെ: (തുക കോടിയിൽ)
2018-19 : $6,200
2017-18 : $6,090
2016-17 : $6,020