kk-shailaja

തിരുവനന്തപുരം: തൃശൂരിലും ആലപ്പുഴയിലും കാസർകോട്ടുമായി മൂന്ന് ജില്ലകളിലാണ് കേരളത്തിൽ കൊറോണ ബാധ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വുഹാനിൽ നിന്നും വന്ന മൂന്ന് പേരാണ് ഈ ആലപ്പുഴയിലെയും തൃശൂരിലെയും മെഡിക്കൽ കോളേജുകളിലും കാസർകോട്ടെ ജില്ലാ ആശുപത്രിയിലുമായി രോഗബാധക്കെതിരെ വിദഗ്ദ ചികിസ സ്വീകരിച്ചുകൊണ്ട് കഴിയുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കനുസരിച്ച് 2,239 പേർ നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. 84 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്.

ഈ വേളയിൽ, എന്തുകൊണ്ടാണ് ഇന്ത്യയിൽ കേരളത്തിൽ നിന്നുമാത്രം കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് പലരും ഉയർത്തുന്ന ഒരു ചോദ്യം. കേരളത്തിന്റെ അതീവ കാര്യക്ഷമമായ ആരോഗ്യസംവിധാനത്തിന്റെ ഉണർന്ന പ്രവർത്തനമാണ് ആ ചോദ്യത്തിനുള്ള ഉത്തരം. 2018ൽ കേരളത്തിലുണ്ടായ നിപ രോഗബാധയും തുടർന്നുണ്ടായ 18 മരണങ്ങളുമാണ് സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തെ ഇത്രമേൽ മികച്ചതാക്കി തീർക്കാൻ കാരണമായത്.

ഇപ്പോൾ, നോവെൽ കൊറോണ വൈറസ് ബാധയുടെ കാര്യത്തിലും മികച്ച പ്രതിരോധ സംവിധാനങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യവകുപ്പും, വകുപ്പിനെ നയിക്കുന്ന മന്ത്രി കെ.കെ ശൈലജയും ഒരുക്കിയിരിക്കുന്നത്. രോഗബാധയിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാനായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ മുതൽ പഞ്ചായത്തുകൾ വരെ അങ്ങേയറ്റം കാര്യക്ഷമമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ചൈനയിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ സംസ്ഥാനത്തെ എയർപ്പോർട്ടുകളിൽ വന്നിറങ്ങുന്നവർക്ക് ഒരു ഹെൽത്ത് കാർഡ് നൽകുവാൻ ഇമിഗ്രേഷൻ ഉദോഗസ്ഥരെ ആരോഗ്യ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. യാത്ര വിവരങ്ങളും ആരോഗ്യസ്ഥിതിയുമാണ് ഈ കാർഡിൽ യാത്രക്കാർ രേഖപ്പെടുത്തേണ്ടത്. ഇതിന് ശേഷം യാത്രക്കാർ ക്ലിയറൻസ് സീൽ വാങ്ങുകയും ചെയ്യണം.

പ്രധാനമായും ചൈനയിൽ നിന്നും ഹോംഗ് കോംഗിൽ നിന്നും എത്തിച്ചേരുന്ന യാത്രികരെ ഒരു ട്രാൻസിറ്റ് റൂമിലേക്ക് മാറ്റി ഉടൻ തന്നെ അവരുടെ ശരീര താപനില പരിശോധിക്കാനും ഉദ്യോഗസ്ഥർ ശ്രദ്ധ ചെലുത്തിയിരുന്നു. കഴിഞ്ഞ നാല് ആഴ്ചകളിലായി ചൈനയിൽ നിന്നും എത്തിയ യാത്രക്കാരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു.

സംസ്ഥാനത്തെ അഞ്ച് എയർപ്പോർട്ടുകളിലും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ജില്ലാ ആശുപത്രികളിലെ ആംബുലൻസുകളും അടിയന്തിര പ്രതികരണ സംവിധാനങ്ങളും തമ്മിൽ കൃത്യമായ ആശയവിനിമയ സംവിധാനം തയാറാക്കിയിരുന്നത് അങ്ങേയറ്റം സഹായകമായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടെത്തിയ യാത്രക്കാരെ ഒട്ടും താമസിയാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ആരോഗ്യ വകുപ്പിന്റെ ഈ നീക്കം സഹായകമായി.

ഇത്തരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ വീട്ടുകാരെ ഈ വിവരം അറിയിക്കാനുള്ള സംവിധാനവും ആരോഗ്യവകുപ്പ് തയാറാക്കിയിരുന്നു. രോഗബാധയില്ലെന്ന് കണ്ടെത്തിയവർ വീടുകളിലേക്ക് പോകാൻ ഉദ്യോഗസ്ഥർ അനുവദിച്ചുവെങ്കിലും ഇവർ നിരന്തര നിരീക്ഷണത്തിൽ തന്നെയായിരുന്നു.

അന്താരാഷ്ട്ര എയർപോർട്ടുകളിൽ മാത്രമല്ല ഡൊമസ്റ്റിക് എയർപ്പോർട്ടുകളിലും ഉദ്യോഗസ്ഥർ ജാഗരൂകരായി തന്നെ നിലകൊണ്ടു. എന്നിരുന്നാലും രോഗബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ വിമാനമിറങ്ങിയ ശേഷം ഡൊമസ്റ്റിക് എയർപോർട്ടിലൂടെ സംസ്ഥാനത്തേക്ക് എത്തിയത് ആരോഗ്യവകുപ്പിന്റെ ആശങ്കപ്പെടുത്തിയിരുന്നു.

രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ വീടുകളിൽ ഐസൊലേറ്റ് ചെയ്യുന്നതിനും ചികിത്സ നൽകുന്നതിനും പിന്തുടരേണ്ട പ്രോട്ടോക്കോളും സംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരുന്നു. സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും മികച്ച പ്രതിരോധ സംവിധാനം തയാറാക്കുന്നതിന് വേണ്ടിയായിരുന്നു ആരോഗ്യ വകുപ്പ് അധികൃതർ ഇത്തരത്തിൽ പ്രോട്ടോകോളുകൾ തയാറാക്കിയത്.

ഇതോടൊപ്പം തന്നെ നിയമസംവിധാനവും പൊലീസും കാര്യക്ഷമമായി പ്രവർത്തിച്ചത് സംസ്ഥാനത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തമാക്കുകയാണ് ഉണ്ടായത്. രോഗാബാധയെ കുറിച്ച് വ്യാജവാർത്തകൾ അഭ്യൂഹങ്ങളും തടയുന്നതിനും നിയമസംവിധാനം ഉണർന്ന് പ്രവർത്തിക്കുകയായിരുന്നു. ഡിസംബർ 10 മുതൽ കേരളത്തിൽ രോഗബാധിത പ്രദേശങ്ങളിൽ നിന്നും കേരളത്തിൽ എത്തിയവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും എത്തിയവരെ നിരീക്ഷിക്കാനും വേണ്ട പരിചരണം നൽകാനും പൊലീസും ആരോഗ്യ വകുപ്പിനോടൊപ്പം തോളോടുതോൾ പ്രവർത്തിക്കുകയായിരുന്നു. വിദേശത്ത് നിന്നും എത്തിച്ചേർന്ന പലരുടെയും വീടുകളിലേക്ക് ആവശ്യമെങ്കിൽ ആശുപത്രിയിൽ അഡ്മിറ്റാകണമെന്ന് ഉപദേശിച്ചുകൊണ്ടെത്തിയ പൊലീസുകാരുടെ ഫോൺ കോളുകൾ ഇതിനുള്ള ഉദാഹരണമാണ്. ഇതോടൊപ്പം നിപ്പ പ്രതിരോധ കാലത്തെ നിരീക്ഷണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും സംസ്ഥാന പൊലീസ് സഹായിച്ചിരുന്നു.

സംസ്ഥാനത്ത് ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചത് രോഗം വളരെ പെട്ടെന്ന് തന്നെ കണ്ടുപിടിക്കുന്നതിനും പ്രതിരോധിക്കുന്നതിനും കാരണമായി മാറുകയായിരുന്നു. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ ഉപദേശങ്ങൾ ചോദിച്ചുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾ കേരള സർക്കാരിനെ ബന്ധപ്പെടുന്നുണ്ടെന്നആരോഗ്യമന്ത്രിയുടെ പരാമർശവും സംസ്ഥാനത്തിന്റെ മികച്ച ആരോഗ്യ സംവിധാനത്തിന്റെ സാക്ഷ്യപ്പെടുത്തലാകുന്നു.