കോഴിക്കോട്: വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച് ഭിന്നശേഷി വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
'ഭിന്നശേഷി വിഭാഗക്കാരുടെ വിദ്യാഭ്യാസവും പുനരധിവാസവും: നൂതനപ്രവണതകള്‍' എന്ന വിഷയത്തില്‍ സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഒരുക്കിയ ത്രിദിന രാജ്യാന്തര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഭിന്നശേഷിക്കാർ ജനസംഖ്യയുടെ മൂന്ന് ശതമാനം വരും. ഇതിൽ 75 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഇവരെ മുഖ്യധാരയിലെത്തിക്കാൻ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോരാ. സന്നദ്ധസംഘടനകളുടെ പങ്കാളിത്തവും കാര്യമായി ഉണ്ടാവണം. ആഗോളതലത്തില്‍ വിജയം കണ്ട വിദ്യാഭ്യാസ പദ്ധതികളുടെ മാതൃകകള്‍ കൈമാറ്റം ചെയ്യപ്പെടണം. പൊതുഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണമെന്നും അദ്ദേഹം പറഞ്ഞു.
മാനവസേവ മാധവസേവ എന്നതാണ് സേവനത്തിന്റെ ഭാരതീയ മാതൃക. മറ്റൊരാളെ സഹായിക്കുക എന്നത് സേവനമാണെങ്കിലും എന്തെങ്കിലും ദാനം ചെയ്യുക എന്നതിനേക്കാള്‍ മഹത്തായ ഒരു സമീപനം അതിലുണ്ടാകണം.
സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ എം.ടി. രമേശ് അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല രജിസ്ട്രാര്‍ എ.രാധാകൃഷ്ണന്‍ നായര്‍, എം.ജി സര്‍വകലാശാല ഐ.ആര്‍.എല്‍.ഡി ഡയറക്ടര്‍ ഡോ.കെ.എം മുസ്തഫ, സ്പര്‍ശം ജനറല്‍ സെക്രട്ടറി എം.എം.അനഘ രാഘവന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.കെ.വി സുധീര്‍, ട്രഷറര്‍ എം. രാജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെമിനാര്‍ നാളെ സമാപിക്കും.