മുംബയ്: കേന്ദ്രസർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെ. ബുള്ളറ്റ് ട്രെയിൻ പദ്ധതി ചിലരുടെ സ്വപ്നമാകാമെന്നും എന്നാൽ അത് വെള്ളാന മാത്രമാണെന്നുമാണ് ഉദ്ധവവിന്റെ വിമർശനം.
ആരെങ്കിലും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നുവെന്നഎന്നതിന്റെ പേരിൽ ഒരു വെള്ളാനയെ ചുമക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താക്കറെയുടെ കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെ പരോക്ഷമായും വിമർശനം നടത്തിയത്.
കേന്ദ്രസർക്കാർ നിക്ഷേപകരെ മഹാരാഷ്ട്രയിൽ നിന്ന് ഓടിക്കുകയാണ്. കേന്ദ്രത്തിന്റെ നയങ്ങളിൽ സ്ഥിരതയില്ല. ജി.എസ്.ടി നടപ്പിലാക്കിയ ശേഷം അടിമുടി അനിശ്ചിതത്വമാണെന്നും ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. രാജ്യത്ത് വിഭവങ്ങൾ പരിമിതമാണ്. അവ ശ്രദ്ധയോടെ ഉപയോഗിക്കണം. വികസന പ്രവർത്തനങ്ങൾക്ക് മുൻഗണനാക്രമം നിശ്ചയിക്കണം. ഉദ്ധവ് താക്കറെ പറയുന്നു.