girl

മുംബൈ: മഹാരാഷ്ട്രയിൽ അയൽവാസിയായ പതിനാലുകാരൻ നാല് വയസുള്ള പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. പൂനെയ്ക്ക് അടുത്തുള്ള ആലന്ദി നഗരത്തിന് സമീപമാണ് സംഭവം നടന്നത്. പീഡനത്തെ തുടർന്ന് കടുത്ത രക്തസ്രാവം ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.

തന്റെ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മൊബൈൽഫോൺ നൽകാമെന്ന് പറഞ്ഞാണ് പതിനാലുകാരൻ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ആ സമയത്ത് ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വീട്ടിൽ നിന്ന് ഓടിപ്പോകുകയും ചെയ്തു. കരഞ്ഞുകൊണ്ട് തന്റെ വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ നിന്നും രക്തം കിനിയുന്നത് കണ്ട മാതാപിതാക്കൾ വിവരം തിരക്കി.

തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് കുട്ടി വിവരങ്ങൾ തന്റെ മാതാപിതാക്കളെ അറിയിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പതിനാലുകാരനെ ഒടുവിൽ നാട്ടുകാരാണ് പിടികൂടിയത്. സമീപസ്ഥലത്തുള്ള കൃഷിയിടത്തിൽ പതിനാലുകാരൻ ഒളിച്ചിരിക്കുകയായിരുന്നു. വിശന്നപ്പോൾ ഭക്ഷണം തേടി പുറത്തിറങ്ങിയപ്പോഴാണ് ആൺകുട്ടി പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.