ബീജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 492 ആയി. 490 പേർ ചൈനയിലും ഫിലിപ്പിയൻസിലും ഹോങ്കോംഗിലുമായി രണ്ടുപേരുമാണ് മരിച്ചത്. കാനഡയിലും ജപ്പാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 24,000 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിൽ വീഴ്ച പറ്റിയതായി ചൈനീസ് നേതൃത്വം കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. വിഷയത്തിൽ പല ബുദ്ധിമുട്ടുകളും രാജ്യം നേരിടുന്നതായും ദേശീയ അടിയന്തര ഭരണസമിതി സംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അറിയിച്ചിരുന്നു.
അതേസമയം കേരളത്തിൽ ഇന്നലെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി 2321പേർ വീടുകളിലും, 100പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സംശയാസ്‌പദമായവരുടെ 190 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 118 എണ്ണം ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് അയച്ചത്. ഇതിൽ 100 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.