കോവളം: തലസ്ഥാനത്തെ ബൈപാസ് റോഡിൽ അഞ്ഞൂറിന്റെ നോട്ടുമഴ, ബൈക്കിലെത്തിയ പ്രവാസി നോട്ടുകൾ ശേഖരിച്ച് പൊലീസിന് കൈമാറി മാതൃകയായി. വാഴമുട്ടം തുപ്പനത്ത് കാവിനു സമീപം ചരുവിള ദിവ്യാ ഭവനിൽ സുജിയാണ് തനിക്ക് കിട്ടിയ നോട്ടുകെട്ടുകൾ പൊലീസ് സ്റ്റേഷനിൽ നൽകിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.15 ഓടെയാണ് നാട്ടുകാരെ അമ്പരപ്പിച്ച സംഭവം. കോവളം കമുകിൻ റോഡിൽ ബന്ധുവിന്റെ മരണവീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു സുജി. കോവളം ജംഗ്ഷനിൽ എത്തിയപ്പോഴേക്കും തൊട്ടു മുന്നിൽ കെ.എസ്.ആർ.സിയുടെ വിഴിഞ്ഞം പൂവാർ ബസ് നിറുത്തി യാത്രക്കാരെ കയറ്റുന്നതു കണ്ട് തന്റെ വാഹനം അൽപ്പനേരം നിറുത്തി. ബസ് മുന്നിലേക്ക് എടുത്തതും റോഡിന്റെ മദ്ധ്യഭാഗത്തായി അഞ്ഞൂറിന്റെ നോട്ടുകൾ കാണുകയും അതിൽ ചിലത് കാറ്റിൽ പറന്നു പൊങ്ങുകയുമായിരുന്നു.
ഇതുകണ്ടയുടൻ സുജി ഉടൻ വണ്ടി നിറുത്തി നോട്ടുകൾ ശേഖരിക്കുകയും കോവളം പൊലീസ് എസ്.എച്ച്.ഒ പി.അനിൽകുമാർ,എസ്.ഐ.അനീഷ്‌കുമാർ എന്നിവരെ നേരിൽ കണ്ട് നോട്ടുകെട്ടുകൾ ഏല്പിക്കുകയുമായിരുന്നു. സുജിയെ കോവളം പൊലീസ് അഭിനന്ദിക്കാനും മറന്നില്ല. കോവളം ജംഗ്ഷനിലെ സി.സി.ടിവി കാമറ പരിശോധിച്ചതിൽ ബസിലേക്ക് കയറിയ യാത്രക്കാരിൽ നിന്നുമാകാം പണം നഷ്ടപ്പെട്ടതെന്നും ഒരാഴ്ചക്കുള്ളിൽ നോട്ടുകെട്ടിന്റെ അവകാശിയെത്തിയില്ലെങ്കിൽ പണം കോടതിക്കു കൈമാറുമെന്നും എസ്.എച്ച്.ഒ അറിയിച്ചു.