thakkarey

മുംബയ്: ഹിന്ദുത്വത്തിന്റെ പേരിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. അധികാരം പിടിച്ചെടുക്കാൻ മതം ഉപയോഗിക്കുന്ന ഹിന്ദുത്വ ആശയമല്ല തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.​ ബി.ജെ.പിയുടെ ഹിന്ദുത്വമല്ല,​ തങ്ങളുടേത് വ്യത്യസ്തമായ ആശയമാണെന്നും താക്കറെ കൂട്ടിചേ‌ർത്തു. ശിവസേന മുഖപത്രമായ സാമ്നയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദുത്വത്തിൽ ബി.ജെ.പിയുടേതിനു സമാനമായ ചിന്താരീതിയല്ല തനിക്ക്. സമാധാനപരമല്ലാത്ത ഒരു ഹിന്ദു രാഷ്ട്രം ഇവിടെ ആവശ്യമില്ല. ആളുകൾ മതത്തിന്റെ പേരിൽ പരസ്പരം കൊല്ലുകയും,​ രാജ്യത്ത് അശാന്തി സൃഷ്ടിക്കുകയും ചെയ്യുന്നത് ഒരു ഹിന്ദു രാഷ്ട്രത്തിന്റെ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.അതല്ല താൻ ഹിന്ദുത്വത്തിൽ നിന്നും പഠിച്ചതെന്നും താക്കറെ വ്യക്തമാക്കി.

ദേശീയ പൗരത്വ പട്ടിക (എൻ.‌ആർ‌.സി) മഹാരാഷ്ട്രയിൽ നടപ്പാക്കില്ലെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന. എന്നാൽ ദേശീയ പൗരത്വ ഭേദഗതി നിയമത്തെ (സി.‌എ‌.എ) അദ്ദേഹം അനുകൂലിച്ചു. ഇത് വ്യക്തിയുടെ പൗരത്വ അവകാശങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അയൽരാജ്യങ്ങളിൽ പീഡിനമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുയാണിതെന്നും ശിവസേന മുഖപത്രമായ സാമ്നയ്ക്ക് നൽകിയ അഭിമുഖത്തിൽ താക്കറെ വ്യക്തമാക്കി.

പൗരത്വം തെളിയിക്കുന്നത് ഹിന്ദുക്കൾക്കും മുസ്‌ലിങ്ങൾക്കും ബുദ്ധിമുട്ടായതിനാൽ എൻ.‌ആർ‌.സി നടപ്പാക്കാൻ താൻ അനുവദിക്കില്ലെന്നും താക്കറെ പറഞ്ഞു.കാശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, എൻ‌.ആർ‌.സി, സി‌.എ‌.എയിലെ ചില നിർദേശങ്ങൾ തുടങ്ങി മോദി സർക്കാർ നടപ്പാക്കിയ നിരവധി നടപടികളെ സാമ്ന മുഖപ്രസംഗത്തിലൂടെ വിമർശിക്കുന്നുണ്ട്.