ethihad-

അബുദാബി : യു.എ.ഇയിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് അവരുടെ മുപ്പത്തിയെട്ട് വിമാനങ്ങൾ വിറ്റഴിച്ചു. ഗ്ളോബൽ ഇൻവസ്റ്റ്‌മെന്റ് സ്ഥാപനമായ കെ.കെ.ആറിനും അൽതവൈർ എയർ ഫിനാൻസിനുമായിട്ടാണ് വിമാനങ്ങൾ വിറ്റത്. മുപ്പത്തിയെട്ട് വിമാനങ്ങൾ വിറ്റ വകയിൽ ഒരു ബില്യൺ യു.എസ് ഡോളറാണ് എത്തിഹാദിന് സ്വന്തമാകുന്നത്. എയർബസ് എ 330300, എ 330200, ബോയിംഗ് 777 300 ഗണത്തിൽ പെട്ട വിമാനങ്ങളാണ് വിറ്റത്. ഇതിൽ എയർ ബസ് വിമാനങ്ങളൊഴിച്ച് വിറ്റ മറ്റു വിമാനങ്ങളെ പാട്ടത്തിനെടുത്ത് വീണ്ടും ഉപയോഗിക്കുവാനാണ് എത്തിഹാദിന്റെ തീരുമാനം. എയർ ബസ് വിമാനങ്ങൾ വാങ്ങിയ കമ്പനികൾ മറ്റു വിമാനകമ്പനികൾക്ക് പാട്ടത്തിന് ഉപയോഗിക്കാൻ നൽകും. കാലപ്പഴക്കം അനുസരിച്ച് യാത്രവിമാനങ്ങളോ ചരക്കു വിമാനങ്ങളോ ആയിട്ടാണ് ഈ വിമാനങ്ങൾ ഉപയോഗിക്കുന്നത്.

അതേ സമയം വിമാനങ്ങൾ വിറ്റഴിച്ചതിന് കാരണം സുസ്ഥിര വികസനം ഉറപ്പുവരുത്തുന്നതിനെന്നാണ് ഇത്തിഹാദ് പ്രതികരിച്ചിട്ടുള്ളത്. പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും, സാങ്കേതിക മേൻമയും ഇന്ധന ക്ഷമതയും ഉറപ്പുവരുത്തുന്നതിന് മുൻതൂക്കം കമ്പനി നൽകുന്നതും വിറ്റഴിക്കലിന് കാരണമായെന്നും കമ്പനി വ്യക്തമാക്കി.