ബീജിംഗ്: ലോകം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ രാജ്യത്ത് നിന്ന് മടങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ തിരിച്ച് വിളിച്ച് ചൈനയിലെ സർവകലാശാലകൾ. ഈ മാസം 23 ന് റിപ്പോർട്ട് ചെയ്യണമെന്നാണ് വിദ്യാർത്ഥികൾക്ക് ലഭിച്ച അറിയിപ്പ്. അറിയിപ്പ് ലഭിച്ചവരിൽ അറുപതോളം മലയാളി വിദ്യാർത്ഥികൾ ഉണ്ട്.
അറിയിപ്പ് ലഭിച്ച വിദ്യാർത്ഥികൾ ആശങ്കയിലാണ്. നിലവിലെ സാഹചര്യം അറിയിച്ചിട്ടും സർവകലാശാലകൾ തങ്ങളുടെ നിലപാട് മാറ്റാൻ തയ്യാറാകുന്നില്ലെന്ന് അവർ പറയുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത സ്ഥിതിയിലാണ് വിദ്യാർത്ഥികൾ ഇപ്പോൾ. 65 പേരാണ് ഇന്നലെ മാത്രം ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 490 ആയി. നിലവിൽ 24,000കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ ഇന്നലെ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ വൈറസ് പടരാനുള്ള സാദ്ധ്യത കണക്കിലെടുത്ത് കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വിവിധ ജില്ലകളിലായി 2321പേർ വീടുകളിലും, 100പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട് രണ്ടു പേർ ആരോഗ്യവകുപ്പ് അറിയാതെ വിദേശത്ത് പോയതെങ്ങനെയെന്ന് പരിശോധിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.