mallika-sukumaran-annie

കേരളത്തിന് പുറത്തുള്ള മലയാളികളിൽ നിന്ന് ലഭിക്കുന്ന സ്‌നേഹം തിരികെ നാട്ടിലെത്തിയാൽ കിട്ടാറില്ലെന്ന് നടി മല്ലികാ സുകുമാരൻ. കാണുമ്പോൾ തിരിച്ചറിയുമെങ്കിലും പലരും അത് പുറത്തുകാണിക്കില്ലെന്നും അടുത്തു വന്ന് മിണ്ടാൻ കൂടി വല്യ വിഷമാണെന്നും മല്ലിക പറയുന്നു. അന്യനാട്ടിൽ ഒരു ആശുപത്രിയിൽ ചെന്നാൽ പോലും അവിടുത്തെ മലയാളികളും അല്ലാത്തവരും നൽകുന്ന സ്‌നേഹം വലുതാണെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി. ആനീസ് കിച്ചണിൽ നടി ആനിയോട് മനസു തുറക്കുകയായിരുന്നു അവർ.

മല്ലികാ സുകുമാരന്റെ വാക്കുകൾ-

'നമ്മുടെ കേരളത്തിലൊക്കെ പലർക്കും ചിരിക്കാൻ എന്തൊരു പാടാ. സത്യമാണ്,​ ട്രെയിനിൽ എനിക്കൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്റെ കൂടെ ട്രെയിനിൽ വരികയാണ് ഒരു ഫാമിലി. അക്കൂട്ടത്തിലെ മകൾ ആദ്യമേ പറഞ്ഞു,​ ദേ മല്ലികാ സുകുമാരൻ എന്ന്. കുടുംബസ്ഥൻ ഉടനെ എണീറ്റു വന്ന് ഒരു ചോദ്യം,​ എവിടെയോ കണ്ടിട്ടുണ്ടല്ലോ?​ കണ്ടുകാണാൻ വഴിയില്ലെന്ന് ഞാൻ പറഞ്ഞു. എവിടെയാ വർക്ക് ചെയ്യുന്നതെന്ന് അയാളുടെ അടുത്ത ചോദ്യം?​ തലശ്ശേരി ബ്രണ്ണൻ കോളേജിലാണെന്ന് ഞാൻ പറഞ്ഞു. ഇംഗ്ളീഷ് ഡിപ്പാർട്ട്‌മെന്റിലാണെന്ന് പറഞ്ഞടോതെ പുള്ളിയുടെ മുഖമങ്ങ് മാറി. എനിക്ക് കണ്ടുനല്ല പരിചയം,​ ആരെങ്കിലും സിനിമയിൽ അഭിനയിക്കുന്നുണ്ടോ എന്നായി അയാളുടെ അടുത്ത ചോദ്യം. ആരുമില്ലെന്ന് ഞാൻ ഉത്തരവും നൽകി. കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ വൈഫിന് മനസിലായി ഞാൻ അയാൾക്കിട്ട് കുത്തുവാണെന്ന്. അയ്യോ ചേച്ചി,​ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം,​ മല്ലികാ സുകുമാരനാണെന്ന്. ഞാൻ പറഞ്ഞു,​ മോളെ അങ്ങനങ്ങ് ചോദിച്ചാൽ പോരായിരുന്നോ?​ എവിടെയോ കണ്ടു,​ എവിടെ വർക്ക് ചെയ്യുന്നു. ഇത്തരം നമ്പരുകളൊന്നും എന്റടുത്ത് എടുക്കരുത്. ഇതുപോലെ ഒരുപാട് കണ്ടതാ. പത്തോണം എങ്കിലും കൂടുതൽ ഉണ്ടിട്ടുണ്ട്. അപ്പോൾ അതനുസരിച്ച് സംസാരിക്കണം. കൊച്ചുപിള്ളേരോട് സംസാരിക്കുന്ന അഭ്യാസമൊന്നും ഞങ്ങളോട് കാണിക്കരുത്'.