കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ നടന്ന അഴിമതിയിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നൽകി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇബ്രാഹിം കുഞ്ഞിനെതിരായുള്ള അന്വേഷണത്തിനും തുടർനടപടികൾക്കുമായി വിജിലൻസ് സമർപ്പിച്ചിരുന്ന അപേക്ഷയിലാണ് ഗവർണർ ഇപ്പോൾ തീരുമാനം അറിയിച്ചിരിക്കുന്നത്. അന്വേഷണവുമായി മുന്നോട്ട് പോകാൻ ഗവർണർ വിജിലൻസിന് അനുമതി നൽകിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.
ഏകദേശം മൂന്ന് മാസങ്ങൾക്ക് മുൻപാണ് സർക്കാരിന് ലഭിച്ച വിജിലൻസിന്റെ കത്ത് ഗവർണർക്ക് കൈമാറിയത്. ഇത് സംബന്ധിച്ച് ഗവർണർ സർക്കാരിനോട് അഭിപ്രായങ്ങൾ തേടിയിരുന്നു. സ്വന്തം നിലയിലും ഈ വിഷയത്തിൽ പലതവണ നിയമോപദേശം തേടിയതിന് ശേഷമാണ് ഗവർണർ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം. അനുമതി ലഭിച്ചതോടെ പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻമന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനും അദ്ദേഹത്തിനെതിരെ തെളിവുകൾ ഉണ്ടെങ്കിൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്താനും വിജിലൻസിന് സാധിക്കും.