1. അയോധ്യയില്‍ രാമ ക്ഷേത്ര നിര്‍മ്മാണത്തിന് ആയി ട്രസ്റ്റ് രൂപീകരിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര എന്ന പേരില്‍ ആയിരിക്കും ട്രസ്റ്റ്. സ്വതന്ത്രം ആയിട്ട് ആയിരിക്കും ട്രസ്റ്റിന്റെ പ്രവര്‍ത്തനം. ക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് ബോര്‍ഡിന് സ്വന്തമായി തീരുമാനം എടുക്കാം. 67.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് കൈമാറി. സുന്നി വഖഫ് ബോര്‍ഡിന് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ആണ് ഇതു സംബന്ധിച്ച് തീരുമാനം ആയത്. പ്രധാനമന്ത്രി ലോക്സഭയില്‍ ആണ് ഇക്കാര്യം അറിയിച്ചത്
2. പാലാരിവട്ടം പാലം അഴിമിതി കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിജിലന്‍സിന്റെ അപേക്ഷയില്‍ ആണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. പാലം അഴിമതിയില്‍ അന്വേഷണത്തിന് തടസമില്ല എന്നും ഗവര്‍ണര്‍. അതേസമയം, പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. പരിശോധന നടത്തുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് സര്‍ക്കാര്‍ വാദം. പാലത്തില്‍ ഭാര പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല
3. പാലം പൊളിച്ചു പണിയുകയല്ലാതെ വഴിയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, ഭാര പരിശോധന നടത്താനുള്ള വിദഗ്ധ സമിതിയെ കോടതി നിയമിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ ഇടക്കാല ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിട്ടില്ല എന്നും ഈ സാഹചര്യത്തില്‍ ഇടപെടണം എന്നും ആവശ്യപ്പെട്ട് കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയാണ് ഹര്‍ജി നല്‍കിയത്.
4 കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ആരോഗ്യ വകുപ്പ്. വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിക്ക് പുറമെ രണ്ട് പേരെ കൂടി ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നെത്തിയ 91 പേരും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയ മൂന്ന് പേരും ഉള്‍പ്പെടെ 94 പേരാണ് കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. നിരീക്ഷണത്തിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും അയക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു
5. ജില്ലയില്‍ ഇതുവരെ 17 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. പരിശോധനാ ഫലം ലഭിച്ച അഞ്ചു പേരില്‍ ഒരാള്‍ക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ചൈന ഉള്‍പ്പെടെയുള്ള കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കാസര്‍കോട് എത്തിയിട്ടില്ലെന്ന് ഉറപ്പു വരുത്തുന്നതിന് ആയി ജില്ലയിലെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവയില്‍ പരിശോധന നടത്തി.
6. നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കില്‍ ഏറ്റാനാകുമോ എന്ന് വ്യക്തമാക്കുന്നത് ആകും ഹൈക്കോടതി വിധി
7. ദയാഹര്‍ജി തള്ളിയവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ജയില്‍ ചട്ടപ്രകാരം വെവ്വേറെ ശിക്ഷ നടപ്പിലാക്കാന്‍ സാധിക്കില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വധശിക്ഷ നടപ്പാക്കുന്നതിന് ഭരണഘടനയില്‍ സമയ പരിധി നിശ്ചയിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചതിലും പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ഇന്നുച്ചക്ക് 2.30നാണ് ഡല്‍ഹി ഹൈക്കോടതി വിധി പറയുക. നിര്‍ഭയ പ്രതികളുടെ വധശിക്ഷ നീണ്ടുപോകുന്നതില്‍ ഇന്നലെ ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡുവും ആശങ്ക പ്രകടിപ്പിച്ചിരുന്നു
8. തിരഞ്ഞെടുപ്പ് ആവേശത്തില്‍ ഇന്ദ്രപ്രസ്ഥം. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ സമാപനമാകും. ശനിയാഴ്ച ആണ് വോട്ടെടുപ്പ്. ആം ആദ്മി പാര്‍ട്ടിയുമായി തുടക്കത്തില്‍ ഉണ്ടായിരുന്ന വന്‍വ്യത്യാസം ധ്രുവീകരണത്തില്‍ ഊന്നിയുള്ള പ്രചാരണത്തിലൂടെ കുറച്ചെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. അമിത് ഷായും യോഗി ആദിത്യനാഥും അനുരാഗ് താക്കൂറും തെരുവിലിറങ്ങിയത് ഗുണം ചെയ്തു എന്ന ആത്മ വിശ്വാസത്തില്‍ ആണ് ബി.ജെ.പി ക്യാമ്പ്
9. ഷഹീന്‍ബാഗും ബട്ലഹൗസും പരാമര്‍ശിച്ച് പ്രധാനമന്ത്രി മോദി പ്രചാരണ രംഗത്ത് എത്തിയത് ഏറെ ഗുണം ചെയ്തതായി സംസ്ഥാന ബി.ജെ.പി ഘടകം. തന്നെ ഭീകരവാദിയെന്ന് ബി.ജെ.പി എം.പി വിളിച്ചത് ആയുധമാക്കി ആണ് കെജ്രിവാളിന്റെ പ്രതിരോധം. ബി.ജെ.പി അണികള്‍ക്ക് അവസാനവട്ട പ്രചാരണം ആവേശം ഉണ്ടാക്കിയിട്ടുണ്ട്. 32 ശതമാനം ഉറച്ചവോട്ടുള്ള ബി.ജെ.പി നാലഞ്ച് ശതമാനം വോട്ട് കഴിഞ്ഞ അഞ്ച് ദിവസത്തില്‍ കൂട്ടിച്ചേര്‍ത്തെന്ന് കരുതുന്നു. എന്നാല്‍, അതിനപ്പുറമുള്ള അട്ടിമറിയുടെ സൂചന ഇപ്പോഴും പ്രകടമല്ല