woman

ലക്‌നൗ: ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് അവരെ ക്രൂരമായി മർദ്ദിച്ച്, മുടി മുറിച്ച് ഭർത്താവ്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം നടന്നത്. താൻ പുറത്തേക്ക് പോകാതിരിക്കാനായി തന്നെ മുറിയിൽ പൂട്ടിയിട്ടതായും ഭാര്യ തന്റെ പരാതിയിൽ പറയുന്നു.

എപ്പോഴും സംശയദൃഷ്ടിയോടെ നോക്കിയിരുന്ന ഭർത്താവ്, ചെറിയ കാരണങ്ങലുണ്ടാക്കി തന്നെ പതിവായി മർദ്ദിക്കാറുണ്ടായിരുന്നതായും മുടി മുറിച്ച സമയത്ത് മറ്റൊരാളും തന്നെ രണ്ടാമത് നോക്കരുത് എന്ന് ഭർത്താവ് പറഞ്ഞതായും ഭാര്യ പരാതിയിൽ പറയുന്നു. ഇവർ നൽകിയ പരാതിയിൽ ഉത്തർ പ്രദേശ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തന്റെ ഭാര്യ റോഷ്‌നി സുന്ദരിയായി കാണുന്നത് ഇഷ്ടമല്ലാതിരുന്ന ഭർത്താവ് ആരിഫ്, ഇവരുടെ മുടി മുറിക്കുകയായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഭർത്താവ് റോഷ്‌നിയെ സ്ഥിരമായി മർദ്ദിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. മുടി മുറിച്ച ശേഷം, റോഷ്‌നിയെ ആരിഫ് മുറിയിൽ പൂട്ടിയിട്ടു.

ഒടുവിൽ തിങ്കളാഴ്ച ഭർത്താവ് ജോലിക്ക് പോയ തക്കം നോക്കിയാണ് റോഷ്‌നി മുറിയിൽ നിന്നും രക്ഷപ്പെടുന്നതും പൊലീസിൽ അഭയം തേടുന്നതും. നാലുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ആരിഫിന്റെ ബന്ധുക്കളും ഈ വിഷയത്തിൽ ഇയാൾക്ക് പിന്തുണ നൽകുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നുണ്ട്. സംഭവത്തിന് ശേഷം ആരിഫ് ഒളിവിലാണ്.