ന്യൂഡൽഹി: ശബരിമല തിരുവാഭരണം പന്തളം രാജകുടുംബം കൈവശം വെയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി. കൊട്ടാരത്തിന് തിരുവാഭരണം കൈവശം വയ്ക്കാൻ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ആഭരണം ദൈവത്തിന് സമർപ്പിച്ചതല്ലേ, സമർപ്പിച്ച് കഴിഞ്ഞ് ആഭരണത്തിൽ പന്തളം കൊട്ടാരത്തിന് എന്തവകാശമെന്ന് കോടതി ചോദിച്ചു.
തിരുവാഭരണത്തിൽ രാജകുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇരു വിഭാഗങ്ങളെയും കോടതി വിമർശിച്ചു. പന്തളം രാജകുടുംബാംഗമായ രാമവർമ ക്ഷേത്ര ഭരണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തിരുവാഭരണത്തിന്റെ അവകാശം ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് സുപ്രീം കോടതി ചോദിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. തിരുവാഭരണ ഘോഷയാത്രയായി ആഭരണങ്ങൾ കൊണ്ടു പോകുന്ന ചടങ്ങ് പന്തളം കൊട്ടാരം നടത്താറുണ്ട്.