ലക്നൗ : രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും ഉരുക്ക് മുഷ്ടിയോടെ സമരങ്ങളെ അടിച്ചമര്‍ത്തുവാന്‍ മുന്നിട്ട് നിന്നത് യുപിയിലെ പൊലീസാണ്. സമരത്തിന് ഇറങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടുകയും, സമരക്കാര്‍ക്ക് നേരെ തോക്കു ചൂണ്ടിയുമുള്ള പൊലീസ് നടപടികള്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോളിതാ കല്യാണ പന്തല്‍ കണ്ടു സമരപന്തലെന്ന് കരുതി പൊലീസ് തല്ലിത്തകര്‍ത്ത വാര്‍ത്തയും ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ പട്ടണത്തിലാണ് സംഭവം, ഇവിടെ മകളുടെ വിവാഹത്തിനായി പിതാവ് ഒഴിഞ്ഞ് കിടന്ന സ്ഥലത്ത് പന്തല്‍ നാട്ടുകയായിരുന്നു. എന്നാല്‍ ഡല്‍ഹി ഷഹീന്‍ ബാഗ് മോഡല്‍ സമരം ഇവിടെ ആരംഭിക്കുന്നു എന്ന സംശയത്താല്‍ പൊലീസെത്തി പന്തല്‍ പൊളിച്ചിടുകയായിരുന്നു. ഫെബ്രുവരി നാലിനായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹ ചടങ്ങിലേക്ക് ആവശ്യത്തിനുള്ള സാധനങ്ങളും പന്തലില്‍ സൂക്ഷിച്ചിരുന്നു.
സമ്മതമില്ലാതെ സമരത്തിന് മുന്നൊരുക്കം നടത്തിയെന്ന ധാരണയില്‍ ഒരു സംഘം പൊലീസുകാര്‍ പന്തലിന്റെ കാലുകള്‍ മറിച്ചിടുകയായിരുന്നു. എന്നാല്‍ വിവാഹ ആവശ്യത്തിനാണ് പന്തല്‍ നാട്ടിയതെന്ന് മനസിലായതോടെ പൊലീസ് പന്തല്‍ വീണ്ടും നാട്ടാന്‍ സമ്മതം നല്‍കി സ്ഥലത്തു നിന്നും സ്‌കൂട്ടാവുകയായിരുന്നു.