jayasankar

കൊറോണ വൈറസ് വിഷയത്തിൽ ചൈനയിൽ നിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ച യൂത്ത് ഫ്രണ്ട് നടപടിയെ പരിഹസിച്ച് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. 'ലോകമെമ്പാടും കൊറോണ വൈറസ് പടരുന്നതിനു പിന്നിൽ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്ന് കണ്ടുപിടിച്ചതും കെറോണ കൊണ്ടുള്ള നഷ്ടം ചൈനീസ് ഗവൺമെന്റിൽ നിന്ന് ഈടാക്കണമെന്നു കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് കൊടുത്തതും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജനാണ്‌. ചങ്കിലെ ചൈനയെ സ്‌നേഹിക്കുന്ന ഏതാനും കാപാലികന്മാർ പ്രകോപിതരായി സാജനെ കഠിനമായി മർദ്ദിച്ചു എന്നാണ് ഒടുവിൽ കേട്ട വാർത്ത എന്നും ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'തൊടുകയെ അറിയാമോ?
സാജൻ തൊടുകയെ അറിയാമോ??

പാലാ പൂവരണിയിലെ ഒരു അതിപുരാതന സുറിയാനി ക്രിസ്ത്യാനി കുടുംബാംഗവും നിലവിൽ കേരള ഊത്ത് ഫ്രണ്ട് (ജോസ് മാണി) സംസ്ഥാന പ്രസിഡന്റുമാണ് സാജൻ തൊടുക.

ലോകമെമ്പാടും കൊറോണ വൈറസ് പടരുന്നതിനു പിന്നിൽ ജനകീയ ചൈനയുടെ കുത്തിത്തിരിപ്പാണെന്നു കണ്ടുപിടിച്ചതും കൊറോണ കൊണ്ടുള്ള നഷ്ടം ചൈനീസ് ഗവൺമെന്റിൽ നിന്ന് ഈടാക്കണമെന്നു കാണിച്ച് കേന്ദ്ര സർക്കാരിന് കത്ത് കൊടുത്തതും സാജനാണ്.

ചങ്കിലെ ചൈനയെ സ്‌നേഹിക്കുന്ന ഏതാനും കാപാലികന്മാർ പ്രകോപിതരായി സാജനെ കഠിനമായി മർദ്ദിച്ചു എന്നാണ് ഒടുവിൽ കേട്ട വാർത്ത.

കാർഷിക പ്രശ്നങ്ങൾ മാത്രമല്ല, വിദേശ നയവും ഊത്ത് ഫ്രണ്ടുകാർക്ക് വഴങ്ങുമെന്നു തെളിയിച്ച സാജൻ തൊടുകയ്ക്ക് അഭിവാദനങ്ങൾ!