modi-

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കാബൂളിൽ പാക് എംബസി നടത്താനിരുന്ന കാശ്മീർ ഐക്യദാർഢ്യ ദിനാചരണം ഒഴിവാക്കി. ഫെബ്രുവരി അഞ്ചിനാണ് കാബൂളിലെ ഒരു മുന്തിയ ഹോട്ടൽ പാക് എംബസി പരിപാടിക്കായി ബുക്ക് ചെയ്തിരുന്നത്. ഒരു സ്വകാര്യ ചാനലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഫ്ഗാൻ ഉന്നത ഉദ്യോഗസ്ഥർ ഹോട്ടൽ അധികൃതരോട് ചടങ്ങിനായി സൗകര്യമൊരുക്കി നൽകരുതെന്ന് മുന്നറിയിപ്പ് നൽകിയതായി ചാനൽ വെളിപ്പെടുത്തുന്നു. ഇതിനുമുൻപും ഇന്ത്യയ്ക്ക് അനുകൂലമായി തീരുമാനങ്ങൾ അഫ്ഗാൻ കൈക്കൊണ്ടിട്ടുണ്ട്. അതിർത്തി തർക്കവും ഇരു രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തിൽ കരിദിനമായി പാക് എംബസി ആചരിച്ചതും അഫ്ഗാൻ അധികാരികളിൽ അമർഷമുണ്ടാക്കിയിരുന്നു. തങ്ങളുടെ മണ്ണിൽ മറ്റൊരു രാജ്യത്തെ അവഹേളിക്കുവാനായി ഉപയോഗിക്കരുതെന്ന മുന്നറിപ്പാണ് അഫ്ഗാൻ പാകിസ്ഥാന് നൽകിയിരിക്കുന്നത്. അതേ സമയം അഫ്ഗാനിസ്ഥാനുമായി ഊഷ്മള ബന്ധം കാത്തു സൂക്ഷിക്കുന്ന ഇന്ത്യ ആ രാജ്യത്ത് നിരവധി വികസന പ്രവർത്തനങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്നുണ്ട്.

കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഇന്ത്യ പിൻവലിച്ചതിനെ തുടർന്നാണ് എല്ലാ രാജ്യങ്ങളിലേയും എംബസിയിൽ കാശ്മീർ ഡസ്‌ക് ആരംഭിക്കുവാൻ ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിരുന്നു. അതത് രാജ്യങ്ങളെ കാശ്മീരിൽ നടക്കുന്ന സംഭവവികാസങ്ങളെ കുറിച്ച് ബോധവത്കരിക്കുവാനും, ഐക്യരാഷ്ട്ര സഭയിലടക്കം കാശ്മീരിനെ സംബന്ധിച്ചുള്ള പ്രമേയങ്ങളിൽ പിന്തുണ ഉറപ്പിക്കുവാനുമാണ് പാക് സർക്കാർ കാശ്മീർ ഡസ്‌ക് കൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാൻ കൊണ്ടു വന്ന പ്രമേയം നനഞ്ഞ പടക്കമാവുകയായിരുന്നു. മലേഷ്യ, തുർക്കി തുടങ്ങിയ ചില ഇസ്ലാമിക രാഷ്ട്രങ്ങളുടെ പിന്തുണ മാത്രമേ പാകിസ്ഥാന് നേടിയെടുക്കാനായിരുന്നുള്ളു.