e-kuv

ന്യൂ‌ഡൽഹി: വാഹനവിപണിയിൽ പുതിയൊരു മുന്നേറ്റം സൃഷ്ടിക്കാൻ ഒരുങ്ങി ഇലക്ട്രിക് കാറുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വൻകിട വാഹന നിർമ്മാതാക്കൾ. ഇതിനേതുടർന്ന് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിലെത്തി. ഇ-കെയുവി 100 എന്ന മോഡലാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മഹീന്ദ്ര പുറത്തിറക്കിയത്. 8.25 ലക്ഷം രൂപയാണ് കാറിന്റെ ‌‌ഡൽഹി എക്‌സ് ഷോറൂം വില. 2020ലെ ഓട്ടോ എക്സ്പോയിൽ ഇ-കെയുവി 100 കമ്പനി അവതരപ്പിച്ചിരുന്നു.

40 കിലോവാട്ട് വൈദ്യുതിയിൽ നിന്ന് മഹീന്ദ്ര ഇ കെ.യു.വി100 53 ബി.എച്ച്.പി കരുത്തും 120 എൻ.എം ടോർക്കും പുറപ്പെടുവിക്കുന്നു. 3 സിലണ്ടർ കപ്പാസിറ്റിയാണ് ഇ-കെ.യു.വി 100നുള്ളത്. സിംഗിൾ സ്പീഡ് ട്രാൻസ്മിഷൻ മുൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കും. 15.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ഈ കാറിൽ വരുന്നത്.ഒറ്റതവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. 5 മണിക്കൂർ 45 മിനിറ്റുകൊണ്ട് ബാറ്ററി സാധാരണ നിലയിൽ ഫുൾ ചാർജവും. ഫാസ്റ്റ് ചാ‌ർജറിൽ 55 മിനിറ്റ് മാത്രമാണ് ഫുൾ ചാർജാകാൻ എടുക്കുന്ന സമയം.

വാഹനത്തിന്റെ മുൻവശത്തെ ഗ്രിൽ അടച്ചിട്ടാണ് ഡിസെൻ ചെയ്തിരിക്കുന്നത്. ചാർജിംഗ് പോയന്റ് മുൻവശത്തെ ഫെൻഡറിലാണ് ഫിറ്റ് ചെയ്തിര്ക്കുന്നത്. നിലവിലെ കെ.യു.വി 100ന്റെ സ്റ്റൈലിൽ നിന്നും കാര്യമായ മാറ്റം പുതിയ ഇലക്ട്രിക് പതിപ്പിൽ വരുത്തിയിട്ടില്ല.
ഇത് കൂടാതെ കമ്പനിയുടെ എല്ലാ എസ്.യു.വി.കള്‍ക്കും ഭാവിയില്‍ ഇലക്ട്രിക് പതിപ്പുണ്ടാകുമെന്ന് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന്‍ ഗോയെങ്ക അറിയിച്ചു. ഇ 20-പ്ലസ്, ഇ-വെറിറ്റോ എന്നിവയാണ് നിലവിലെ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ.