ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കോടതിയിലെ മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. ഗൊഗോയ് ബി.ജെ.പി സർക്കാരിന് മുന്നിൽ സാഷ്ടാംഗം വീണുകൊണ്ട് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്തുകയാണ് ചെയ്തതെന്നാണ് കട്ജു ആരോപിക്കുന്നത്. 'ദ വീക്ക്' മാസികയിൽ എഴുതിയ ലേഖനത്തിലാണ് മുൻ സുപ്രീം കോടതി ജഡ്ജി ഇത്തരത്തിലുള്ള കടുത്ത ആരോപണം നടത്തിയത്. ഗൊഗോയിയെ 'ജസ്റ്റിസ്' എന്ന് സംബോധന ചെയ്യാൻ പോലും ആഗ്രഹിക്കുന്നില്ലെന്നും കട്ജു തന്റെ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.
അയോധ്യ ഭൂമിത്തർക്ക കേസിൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ പറഞ്ഞത് പ്രകാരമാണ് രഞ്ജന്‍ ഗൊഗോയ് പ്രവർത്തിച്ചത്. കേസിൽ അന്യായവും അങ്ങേയറ്റം നിന്ദ്യവുമായ വിധിയാണ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. അതേസമയം, ബെഞ്ചിലെ മറ്റ് നാല് ജഡ്ജിമാരും ഈ നിലപാടിന് എതിരെ ശബ്ദമുയർത്തിയതുമില്ല. ഈ കാരണത്താൽ തന്നെ അവരും ഇക്കാര്യത്തിൽ കുറ്റക്കാരാണ്. കട്ജു തന്റെ ലേഖനത്തിൽ പറയുന്നു.
മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന അകിൽ ഖുറേഷിയെ ചെറിയ കോടതിയായ ത്രിപുര കോടതിയിലേക്ക് മാറ്റാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനു സുപ്രീം കോടതി ജഡ്ജിയായിരുന്ന സമയത്ത് രഞ്ജൻ ഗോഗോയിയും മറ്റ് ജഡ്ജിമാരും കൂട്ട് നിന്നുവെന്നും കട്ജു ആരോപിക്കുന്നു.
സി.ബി.ഐ മുൻ ഡയറക്ടറായ അലോക് വർമ്മയെ കേന്ദ്രസർക്കാർ പുറത്താക്കിയ കേസിലും സ്വാഭാവികനീതിക്ക് എതിരായ നടപടി ആണ് ഉണ്ടായത്. വനിതാജീവനക്കാരി ലൈംഗികാതിക്രമം ആരോപിച്ചപ്പോൾ താൻ കൂടി അംഗമായ മൂന്നംഗ ബെഞ്ചുണ്ടാക്കി വാദംകേട്ട രഞ്ജൻ ഗൊഗോയിയുടെ നടപടിയും പരിഹാസ്യമാണെന്നും കട്ജു കുറ്റപ്പെടുത്തി.
മുൻ ചീഫ് ജസ്റ്റിസായ ദീപക് മിശ്രയുടെ നിലപാടുകൾക്കെതിരെ രഞ്ജന്‍ ഗൊഗോയ് ഉൾപ്പെടെയുള്ള ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയിരുന്നു. എന്നാൽ, രഞ്ജന്‍ ഗൊഗോയ്യുടെ തെറ്റായ നടപടികൾക്ക് എതിരെ സുപ്രീംകോടതിയിലെ മറ്റ് ജഡ്ജിമാരാരും യാതൊരു രീതിയിലും പ്രതികരിച്ചു കണ്ടില്ല. കട്ജു തന്റെ ലേഖനത്തിൽ പറയുന്നു. 2011ലാണ് മാർക്കണ്ഡേയ കട്ജു സുപ്രീം കോടതി ജഡ്ജി സ്ഥാനത്തുനിന്നും വിരമിക്കുന്നത്.