മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമ മലയാളം ഒരുക്കലും മറക്കില്ല. മോഹൻലാൽ എന്ന വിസ്‌മയതാരം മലയാള ചലച്ചിത്ര വിഹായസിലേക്ക് ഉദിച്ചുയർന്ന ചിത്രമായിരുന്നു അതെന്നതുതന്നെ കാരണം. ലാലിനൊപ്പം മറക്കാനാകാത്ത ഒരു പേരു കൂടിയുണ്ട്, ഫാസിൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം എത്രയോ മനോഹരങ്ങളായ ചിത്രങ്ങൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു കഴിഞ്ഞു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, എന്റെ സൂര്യപുത്രിക്ക്, പപ്പയുടെ സ്വന്തം അപ്പൂസ്, മണിചിത്രത്താഴ്, അനിയത്തിപ്രാവ്, ഹരികൃഷ്‌ണൻസ് തുടങ്ങി നിരവധി ചിത്രങ്ങൾ. ഇതിൽ മലയാള സിനിമയ്‌ക്ക് ഒരു അത്ഭുതമായി മണിചിത്രത്താഴ് ഇന്നും നിലനിൽക്കുന്നു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി എട്ട് ചിത്രങ്ങളിലാണ് മോഹൻലാൽ ഫാസിലിന്റെ നായകനായത്. എന്നാലിപ്പോൾ മോഹൻലാലിനെ നായകനാക്കി പുതിയൊരു ചിത്രം എന്നാണ് എന്ന ചോദ്യത്തിന്, 'അതിന് വളരെ സൂക്ഷിക്കേണ്ടതുണ്ട് എന്നാണ് ഫാസിലിന്റെ ഉത്തരം. കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.
ഫാസിലിന്റെ വാക്കുകൾ-
മോഹൻലാൽ ഇപ്പോൾ ഒരു പ്രത്യേക ഫിനോമിനയായി മാറി. മോഹൻലാലിനെ വച്ച് നമ്മൾ ചെറിയ ബഡ്‌ജറ്റ് പടങ്ങൾ എടുക്കുമ്പോൾ സൂക്ഷിക്കണം. അതിന് അപ്പുറം നിൽക്കുന്ന ഒരു ഫിനോമിനയാണ് ലാൽ. മലയാളം മാത്രമല്ല കന്നഡയും തെലുങ്കുമെല്ലാം ലാലിനെ കാത്തിരിക്കുകയാണ്. അതിനും കൂടി ചേരുന്ന വിധത്തിലുള്ള പടങ്ങളെ മോഹൻലാലിനെ വച്ച് എടുക്കാനാവൂ.
അഭിമുഖത്തിന്റെ പൂർണരൂപം ഫെബ്രുവരി ലക്കം കേരളകൗമുദി ഫ്ളാഷ് മൂവീസിൽ.